LogoLoginKerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണം വരും, ദിനംപ്രതി 600 കോവിഡ് കേസുകള്‍

 
covid

തിരുവനന്തപുരം-കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് സംസ്ഥാനങ്ങളില്‍ അവലോകന യോഗം ചേരുന്നുണ്ട്. മാസ്‌ക് നിര്‍ബന്ധമാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാക്കും. 
ന്യൂഡല്‍ഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നത്. മഹാരാഷ്ട്രയില്‍ കേസുകള്‍ 900 കടന്നു. ദല്‍ഹിയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേര്‍ക്കാണ്. കേരളത്തിലും ദിനംപ്രതി 600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഈ മാസം 10, 11 തിയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കുകയുണ്ടായി. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രോഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആരോഗ്യമന്ത്രിമാരോട് പറഞ്ഞു. ആശുപത്രികളിലെ ബെഡുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവ ഉറപ്പുവരുത്തണം. കോവിഡ് പോര്‍ട്ടലില്‍ രോഗനിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം രേഖപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. മുതിര്‍ന്നവര്‍ക്കും അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിനേഷന്‍ നിര്‍ദേശിക്കണമെന്നും മന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകള്‍ രൂപപ്പെടുന്നുണ്ടെങ്കില്‍ അവ നിരീക്ഷിക്കാനും ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ ഉള്‍പ്പെടെയുള്ള വ്യക്തിശുചിത്വത്തെക്കുറിച്ച് അവബോധം നല്‍കണം. ഒപ്പം ഇന്‍ഫഌവന്‍സ രോ?ഗങ്ങളുടെയും ശ്വാസകോശ രോ?ഗങ്ങളുടെയും വ്യാപനവും നിരീക്ഷണമെന്ന് മന്ത്രി അറിയിച്ചു.