LogoLoginKerala

തൊണ്ടവേദന വന്നാല്‍ കോവിഡിനെ പേടിക്കേണ്ടതുണ്ടോ?

എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ് തൊണ്ടവേദന. എന്നാൽ കോവിഡ് കാലത്തുവരുന്ന തൊണ്ട വേദന നമ്മിൽ പേടിയുണ്ടാക്കുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നത് കോവിഡ്-19ന്റെ പ്രധാന രോഗലക്ഷണങ്ങൾ പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ്. ഇതോടൊപ്പം കുളിർ, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷട്പ്പെടൽ, തലവേദന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. തൊണ്ടവേദന പലതരത്തിൽ പ്രത്യക്ഷപ്പെടാം. ചെറിയ ചൊറിച്ചിൽ ഇടയ്ക്കിടെയുള്ള വേദന, തുടർച്ചയായുള്ള വേദന, നീറ്റൽ, പനി, ചുമ, കഫം, മൂക്കടപ്പ് എന്നിവയോടൊപ്പം വരുന്ന തൊണ്ടവേദന എന്നിങ്ങനെ …
 

എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ് തൊണ്ടവേദന. എന്നാൽ കോവിഡ് കാലത്തുവരുന്ന തൊണ്ട വേദന നമ്മിൽ പേടിയുണ്ടാക്കുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നത് ‌കോവിഡ്-19ന്റെ പ്രധാന രോഗലക്ഷണങ്ങൾ പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ്. ഇതോടൊപ്പം കുളിർ, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷട്പ്പെടൽ, തലവേദന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

തൊണ്ടവേദന പലതരത്തിൽ പ്രത്യക്ഷപ്പെടാം. ചെറിയ ചൊറിച്ചിൽ ഇടയ്ക്കിടെയുള്ള വേദന, തുടർച്ചയായുള്ള വേദന, നീറ്റൽ, പനി, ചുമ, കഫം, മൂക്കടപ്പ് എന്നിവയോടൊപ്പം വരുന്ന തൊണ്ടവേദന എന്നിങ്ങനെ നിസ്സാരമായത് മുതൽ ഡോക്ടറുടെ സേവനം ഉടൻ വേണ്ടി വരുന്നവ വരെ.

കണക്കുകൾ പ്രകാരം കോവിഡ് രോഗമുള്ളവരിൽ 10/12 ശതമാനം പേർക്കു മാത്രമാണ് തൊണ്ടവേദന അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലാ തൊണ്ടവേദനയും കോവിഡ് രോഗത്തിന്റെ ലക്ഷണമല്ല. അനാവശ്യമായ ഭയവും ആവശ്യമില്ല. ഈ കാലാവസ്ഥയിൽ ഇടയ്ക്കിടെ വരുന്ന ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചിൽ എന്നിവ അലർജിയുടെ ഭാഗമാകാം. അലർജി മരുന്നുകൾ ഉപയോഗിക്കുകയും ആവി പിടിക്കുകയും ചെയ്താൽ ഇവ നിയന്ത്രിക്കാവുന്നതാണ്.

മൂക്കൊലിപ്പ്, തൊണ്ടവേദന, ചെറിയ പനി എന്നിവ ജലദോഷം അഥവാ കോമൺ കോൾഡ്ആകാം. ഇതുമാറാൻ ആവശ്യത്തിന് വിശ്രമവും രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയും മാത്രം മതിയാകും.

ഉയർന്ന പനി, ശരീരവേദന, ശ്വാസംമുട്ടൽ, തൊണ്ട വേദന, മൂക്കൊലിപ്പ് ഇവയെല്ലാം എച്ച്1എൻ1 പോലുള്ള പനിയുടെ ലക്ഷണങ്ങളാകാം. ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പും മരുന്നുകളും ലഭ്യമാണ്. കോവിഡ് രോഗലക്ഷണങ്ങളോട് വളരെയധികം സാമ്യം ഉള്ളതാണ് എച്ച്1എൻ1. ഇതിന് വേഗം ചികിത്സ തേടണം.

ഉയർന്ന പനി, തൊണ്ട പഴുക്കൽ എന്നിവ ബാക്ടീരിയൽ രോഗമാകാം. ഇതിന് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. തൊണ്ടനീറ്റൽ, നെഞ്ചെരിച്ചിൽ എന്നിവ ആസിഡ് റിഫ്ളക്സ് കൊണ്ടുമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും മരുന്നുകളും കൊണ്ട് ഇത് ഭേദമാകും.

ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ടത്:

1. സമീകൃതാഹാരം കഴിക്കുക.
2. തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
3. മദ്യം, പുകവലി എന്നിവ ഒഴിവാക്കുക.
4. ഉപ്പുവെള്ളം കുലുക്കുഴിയുക.
5. വ്യക്തി ശുചിത്വം പാലിക്കുക.
6. പരിസര ശുചിത്വം പാലിക്കുക.
7. രോഗികളോട് സമ്പർക്കത്തിലേർപ്പെടരുത്.
8. സാമൂഹിക അകലം പാലിക്കുക
9. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അനു തമ്പി
കൺസൾട്ടന്റ് ഇ.എൻ.ടി. സർജൻ
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം.