LogoLoginKerala

ഇരുട്ടടിയായി കറന്റ്‌ ബിൽ ! വിശദീകരണം ചോദിച്ച് ഹൈക്കോടതി

കൊറോണക്കാലത്തെ വൈദ്യുതി ബില്ലിൽ നിന്ന് ഷോക്കടിച്ച് കേരളജനത, ലോക്ക് ഡൗണിന് ശേഷം വന്ന കറന്റ് ബില്ല് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സാധരണ ലഭിക്കുന്ന കറന്റ് ബില്ലിൽ നിന്ന് മൂന്നോ നാലോ ഇരട്ടി കൂടുതൽ തുകയാണ് ഇപ്പോൾ വരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും നിരവധി ആളുകളാണ് പ്രതിഷേധവുമായി എത്തുന്നത്. രണ്ടു ബൾബും ഒരു ടിവിയും മാത്രമുള്ള ഇടുക്കി രാജാക്കാടിലെ ഒരു വീട്ടിൽ വന്ന ബില്ല് 11,000 രൂപയാണ്, രണ്ടുമാസം അടഞ്ഞ് കിടന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് കിട്ടിയ ബില്ല് …
 

കൊറോണക്കാലത്തെ വൈദ്യുതി ബില്ലിൽ നിന്ന് ഷോക്കടിച്ച് കേരളജനത, ലോക്ക് ഡൗണിന് ശേഷം വന്ന കറന്റ് ബില്ല് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സാധരണ ലഭിക്കുന്ന കറന്റ് ബില്ലിൽ നിന്ന് മൂന്നോ നാലോ ഇരട്ടി കൂടുതൽ തുകയാണ് ഇപ്പോൾ വരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും നിരവധി ആളുകളാണ് പ്രതിഷേധവുമായി എത്തുന്നത്.

രണ്ടു ബൾബും ഒരു ടിവിയും മാത്രമുള്ള ഇടുക്കി രാജാക്കാടിലെ ഒരു വീട്ടിൽ വന്ന ബില്ല് 11,000 രൂപയാണ്, രണ്ടുമാസം അടഞ്ഞ് കിടന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് കിട്ടിയ ബില്ല് 10,000നും മേലെ, ഇപ്പോഴിതാ വൈദ്യുതി വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിനിമാതാരവും നിർമ്മാതാവുമായ മണിയൻപിള്ള രാജുവും എത്തിയിരിക്കുന്നു. ഏഴായിരം രൂപയോളം വന്നിരുന്ന കറന്റ് ബിൽ ഒറ്റയടിക്ക് നാൽപ്പത്തിരണ്ടായിരം രൂപയായി എന്നാണ് മണിയൻപിള്ള പറയുന്നത്.

“ഒന്നാമത് ആള്‍ക്കാര്‍ക്ക് ജോലിയില്ല, വരുമാനമില്ല, കച്ചവടങ്ങള്‍ തകര്‍ന്നു, സിനിമകള്‍ തകര്‍ന്നു, വ്യവസായങ്ങള്‍ തകര്‍ന്നു. ഈ സമയത്ത് വൈദ്യതിവകുപ്പ് കഴുത്തില്‍ കയറി ഞെക്കിപിടിച്ചത് വല്ലാത്ത ബുദ്ധിമുട്ടായി” എന്നായിരുന്നു മണിയന്‍ പിളള രാജുവിന്റെ പ്രതികരണം. ഉയർന്ന കറണ്ട് ബില്ലിനെക്കുറിച്ച് പരാതിയുമായി നടനും സംവിധായകനുമായ മധുപാലും രംഗത്തെത്തിയിരുന്നു. സ്ഥിരം കറന്റ് ബിൽ പരമാവധി 1700 രൂപയാണെന്നും എന്നാൽ ഇപ്പോഴാകട്ടെ അത് 11,273 രൂപയായി എന്ന് കാണിച്ച് സിനിമാസംവിധായകൻ അനീഷ് ഉപാസനയും പോസ്റ്റ് ഇട്ടു. ഭീമമായ തുക അടിച്ചു വന്ന ബില്ലിനെ ‘കരണ്ട് തിന്നുന്ന ബിൽ വന്നിട്ടുണ്ട്’ എന്ന ക്യാപ്‌ഷനോടുകൂടിയാണ് അനീഷ് പോസ്റ്റ് ചെയ്തത്.

ലോക്ക് ഡൗൺ സമയത്ത് ജോലിയില്ലാതെയും പണമില്ലാതെയും വീട്ടിലിരിക്കുന്ന സാധാരണക്കാരെ കടക്കെണിയിലാക്കുന്ന നിലപാടാണ് KSEB അധികൃതർ കാണിക്കുന്നതെന്ന് എല്ലാവരും ഒരേസ്വരത്തിൽ പറയുന്നു. കേരളമൊഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗൺ കാലത്തെ വൈദ്യുത ബിൽ എഴുതി തള്ളുകയോ, കുറച്ചുനൽകുകയോ ചെയ്യുമ്പോഴാണ് സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ ഈ പകൽകൊള്ള. നിരക്ക് കൂട്ടിയ കറന്റ് ബില്ലിനെക്കുറിച്ച് കേരളം മുഴുവൻ ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ഉചിതമായ നടപടിയൊന്നും ഇതുവരെ വൈദ്യുതി വകുപ്പ് സ്വീകരിച്ചിട്ടില്ല. പലവഴിക്കും പല ന്യായീകരണങ്ങളും കേൾക്കുന്നുണ്ടെങ്കിലും അടഞ്ഞു കിടക്കുന്ന കടകളിലും ഓഫീസുകളിലും വീടുകളിലും എങ്ങനെ ബില്ലുകൾ വന്നു എന്നത് ആർക്കും പിടിയുമില്ല.

അതേസമയം വിശദീകരണവുമായി വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള രംഗത്ത് വന്നു. ഏഷ്യാനെറ്റ് ചാനൽ ചർച്ചയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ലോക്ക്ഡൗൺ കാരണം റീഡിങ്ങ് എടുക്കാൻ വൈകിയതും, വേനൽക്കാല ഉപഭോഗം കൂടിയതും അടുത്ത സ്ലാബിലേക്ക് കടന്നതുമാണ് ബിൽ കൂടാൻ കാരണമെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് റീഡിംഗ് എടുക്കാനാകാത്ത സാഹചര്യത്തില്‍ കൊണ്ടുവന്ന ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ കാണുന്നതെന്നുമാണ് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ കെ എസ് ഇ ബിയുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. പരാതിയുമായി വൈദ്യുതിവകുപ്പിൽ ആരെത്തിയാലും പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

വേനൽക്കാല ഉപഭോഗം കൂടിയതും അടുത്ത സ്ലാബിലേക്ക് കടന്നതുമാണ് ബിൽ കൂടാൻ കാരണമെന്ന് കെഎസ്ഇബി പറയുന്നുണ്ടെങ്കിലും ബില്ലടയ്ക്കേണ്ട അവസാന തീയതി അടുക്കുന്തോറും മലയാളികൾ വേവലാതിപ്പെടുകയാണ്.

അതേസമയം ഉപഭോക്താക്കള്‍ക്ക് അമിത വൈദ്യുതി ബിൽ ലഭിച്ചെന്ന ആരോപണത്തിൽ കെഎസ്ഇബിയോട് വിശദീകരണം ചോദിച്ച് കേരള ഹൈക്കോടതി. മൂവാറ്റുപുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കെഎസ്ഇബിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും. നാല് മാസത്തെ ബിൽ ഒരുമിച്ച് തയ്യാറാക്കിയതിൽ അശാസ്ത്രീയതയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. കെഎസ്ഇബി നടപടി ഉപഭോക്താക്കള്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണെന്നും അമിത ബിൽ നല്‍കുന്നതിൽ നിന്ന് കെഎസ്ഇബിയെ പിന്തിരിപ്പിക്കാൻ കോടതി ഇടപെടണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.

ഇരുട്ടടിയായി കറന്റ്‌ ബിൽ ! വിശദീകരണം ചോദിച്ച് ഹൈക്കോടതി