24 C
Kochi
Monday, December 6, 2021

ശിശുക്ഷേമ സമിതി വെറും ഒരു എന്‍ജിഒ; ശിശുക്ഷേമ ഫണ്ടില്‍ അന്‍പത് ശതമാനവും ഇവര്‍ക്ക്; സമിതി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ആവശ്യം ശക്തം

Must read

എം. മനോജ്‌ കുമാര്‍

സംസ്ഥാനത്തെ ശിശുക്ഷേമത്തിനു വേണ്ടിയുള്ള ഫണ്ടില്‍ അന്‍പത് ശതമാനവും ഒഴുകുന്നത് ശിശുക്ഷേമ സമിതിയ്ക്കാണ്; സമിത് ആണെങ്കില്‍ ഒരു എന്‍ജിഒ മാത്രവും; ശിശു ദിന സ്റ്റാമ്പില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും സമിതിയ്ക്കാണ്. ഗുരുതരമായ ആരോപണങ്ങള്‍ ദത്ത് വിവാദത്തിന്റെ കാര്യത്തില്‍ ശിശുക്ഷേമ സമിതിയ്ക്ക് നേരെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സമിതി പിരിച്ചുവിട്ടു പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം എന്ന ആവശ്യമാണ് ഇപ്പോള്‍ കേരളത്തില്‍ മുഴങ്ങുന്നത്; ദത്ത് മാതിരി സംസ്ഥാനത്തെ തന്നെ ബാധിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ പാര്‍ട്ടിക്കാരന്‍ നിയന്ത്രണം കയ്യാളുന്ന ഒരു എന്‍ജിഒ ആവശ്യമുണ്ടോ എന്നാണ് ദത്ത് വിവാദം ഉയര്‍ത്തുന്ന ചോദ്യം

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയ സംസ്ഥാന ശിശുക്ഷേമ സമിതി വെറും ഒരു എന്‍ജിഒ മാത്രം. ക്ലബുകളും സാംസ്കാരിക സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സ്ഥാപനം മാത്രമാണ് ശിശുക്ഷേമ സമിതി. ട്രാവന്‍കൂര്‍- കൊച്ചിന്‍ ആക്ട് പ്രകാരം 1960-ലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. വെറും എന്‍ജിഒ മാത്രമായ ഈ സമിതിയാണ് ജില്ലകള്‍ തോറും സമിതികള്‍ രൂപവത്ക്കരിക്കുകയും അതിന്റെ നടത്തിപ്പ് കയ്യാളുകയും ചെയ്യുന്നത്.

സമിതിയ്ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണമുണ്ടോ?

മുഖ്യമന്ത്രി പ്രസിഡന്റും സാമൂഹിക നീതി വകുപ്പ് മന്ത്രി ഒന്നാം വൈസ് പ്രസിഡന്റുമാണ് എന്നത് മാത്രമാണ് ഈ എന്‍ജിഒയ്ക്ക് സര്‍ക്കാരുമായുള്ള ബന്ധം. ഒരു അഡ്മിനിസട്രേറ്റീവ് ഓഫീസറെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുമുണ്ട്. ഇത് കൂടാതെ എന്താണ് സമിതിയ്ക്ക് മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എന്ന് ചോദിച്ചാല്‍ ദത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലും സര്‍ക്കാരിന് കൈ മലര്‍ത്തേണ്ടി വരും.

അര്‍ദ്ധ ജുഡീഷ്യല്‍ ബോഡിയായ സിഡബ്ലുസിയ്ക്ക് മാത്രമാണ് നിയമപരമായ നിലനില്‍പ്പ്‌. അതുകൊണ്ട് മാത്രമാണ് അനുപമ ദത്ത് വിവാദത്തില്‍ ശിശുക്ഷേമസമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കാതെ സിഡബ്ലുസിയോട് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കുടുംബകോടതി ആവശ്യപ്പെട്ടത്.

ഫണ്ടില്‍ അന്‍പത് ശതമാനവും ശിശുക്ഷേമ സമിതിയ്ക്ക് 

സംസ്ഥാനത്തെ ശിശുക്ഷേമത്തിനു വേണ്ടിയുള്ള ഫണ്ടില്‍ അന്‍പത് ശതമാനവും ഒഴുകുന്നത് ശിശുക്ഷേമ സമിതിയ്ക്കാണ്. ശിശു ദിന സ്റ്റാമ്പില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും സമിതിയ്ക്കാണ്. ഗുരുതരമായ ആരോപണങ്ങള്‍ ദത്ത് വിവാദത്തിന്റെ കാര്യത്തില്‍ ശിശുക്ഷേമ സമിതിയ്ക്ക് നേരെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സമിതി പിരിച്ചുവിട്ടു പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം എന്ന ആവശ്യമാണ് ഇപ്പോള്‍ കേരളത്തില്‍ മുഴങ്ങുന്നത്.

ദത്ത് മാതിരി സംസ്ഥാനത്തെ തന്നെ ബാധിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ പാര്‍ട്ടിക്കാരന്‍ നിയന്ത്രണം കയ്യാളുന്ന ഒരു എന്‍ജിഒ ആവശ്യമുണ്ടോ എന്നാണ് ദത്ത് വിവാദം ഉയര്‍ത്തുന്ന ചോദ്യം. അതുകൊണ്ട് തന്നെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഷിജുഖാനെ പുറത്താക്കി മുഖം രക്ഷിക്കാതെ സമിതി പിരിച്ചുവിട്ടു നിയന്ത്രണം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കേണ്ടി വരും.

കുട്ടിക്കടത്തിനു നേതൃത്വം നല്‍കി വിവാദത്തില്‍

കുട്ടിക്കടത്തിനു നേതൃത്വം നല്‍കിയത് എന്‍ജിഒ മാത്രമായ ഈ സ്ഥാപനം ആണ് എന്നറിയാവുന്നതിനാലാണ് സമിതി പ്രസിഡന്റ് ആയിട്ടും അനുപമ പ്രശ്നം സംസ്ഥാനത്ത് ഇത്രയധികം ചലനമുണ്ടായിട്ടും മുല്ലപ്പെരിയാര്‍ മരംമുറി പോലെ ഈ വിഷയത്തിലും മുഖ്യമന്ത്രി അനങ്ങാതിരിക്കുന്നത്.

അന്ന് നടന്ന അനധികൃത ദത്ത് വിവാദവും അലംഭാവവും അഴിമതിയും തൊഴുത്തില്‍ കാരണം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂട്ടിക്കെട്ടിയ സ്ഥാപനമാണ്‌ ശിശുക്ഷേമ സമിതി എന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്.

ദത്ത് പോലുള്ള കാര്യങ്ങള്‍ എന്‍ജിഒ ചെയ്യേണ്ടതാണോ?

അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സ്വീകരിക്കുകയും ദത്ത് നല്‍കുകയും ഒക്കെ ചെയ്യുന്ന ഒരു സ്ഥാപനം ഭരിക്കുന്ന പാര്‍ട്ടിയുടെ കൈകളിലല്ല സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് നടത്തേണ്ടത്. സര്‍ക്കാര്‍ ഫണ്ടും ശിശുദിന സ്റ്റാമ്പിന്റെ വരുമാനം വന്നിട്ടും ശിശുക്ഷേമ സമിതിയുടെ കാര്യങ്ങള്‍ പരമദയനീയമാണ്. ജീവനക്കാര്‍ക്ക് പോലും നേരെ ചൊവ്വെ ശമ്പളം നല്‍കാന്‍ സമിതിയ്ക്ക് കഴിയുന്നില്ല.

കുട്ടിക്കടത്ത് പോലുള്ള സംഭവങ്ങള്‍ക്ക് സമിതി നേതൃത്വം നല്‍കുകയും ചെയ്യുന്നു. ദത്ത് വിഷയത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും (സി.ബ്ല്യു.സി) ശിശുക്ഷേമ സമിതിക്കും ഗുരുതരമായ വീഴ്ച പറ്റിയെന്ന് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടിവി അനുപമയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ടിലുണ്ട്.

ശിശുക്ഷേമസമിതിയും സിഡബ്ല്യുസിയും തുല്യകുറ്റക്കാര്‍ 

ശിശുക്ഷേമ സമിതിയ്ക്ക് എതിരെ മാത്രമല്ല സിഡബ്ലുസിയ്ക്കും എതിരെ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ റിപ്പോര്‍ട്ട്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ അടക്കമുള്ളവരെ അനുപമയും അജിത്തും നേരിൽ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നൽകിയില്ല. സ്ഥിരം ദത്ത് നൽകാനുള്ള നടപടികളുമായി ഈ സ്ഥാപനങ്ങള്‍ മുന്നോട്ട് പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടി തന്റേതാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് അനുപമയും അജിത്തും സി.ബ്ല്യു.സിയെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചുവെങ്കിലും നടപടി ഒന്നും എടുത്തില്ല. ഇവർ എത്തിയിട്ടും കുട്ടിയുടെ സ്ഥിരം ദത്ത് തടയാനുള്ള നടപടികളെടുത്തില്ല. തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികെ   വേണമെന്നും ആവശ്യപ്പെട്ട് അനുപമ ഓഗസ്റ്റ് 11- ന് സിഡബ്ല്യൂസിയെ സമീപിച്ചു.

സര്‍ക്കാര്‍ നടപടികള്‍ നിര്‍ണ്ണായകം

ഓഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നൽകാൻ അഡോപ്ഷൻ കമ്മിറ്റി തീരുമാനിക്കുന്നത്. തുടർന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസി ഓഗസ്റ്റ് 16ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. ഇതെല്ലാമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

More articles

Latest article