LogoLoginKerala

ഇഡി പരിശോധന വിശ്വാസയോഗ്യമല്ലാത്ത കേസുമായി ബന്ധപ്പെട്ട്: വി പി നന്ദകുമാര്‍

 
vp nandakumar

തൃശൂര്‍-എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ മണപ്പുറം സ്ഥാപനങ്ങളിലെത്തിയത് കമ്പനിയുടെ ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും തനിക്കും കുടുംബത്തിനുമെതിരെ ഒരു വ്യക്തി നല്‍കിയ വിശ്വാസയോഗ്യമല്ലാത്ത കേസുമായി ബന്ധപ്പെട്ടാണെന്നും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ വ്യക്തമാക്കി. തനിക്കെതിരെ വിദ്വേഷമുള്ള വ്യക്തിയാണ് പരാതിക്കാരനെന്നും ഈ കേസ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനത്തിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. 2012 ഫെബ്രുവരി ഒന്ന് വരെ ഈ സ്ഥാപനം 143.85 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്ന് 143.76 കോടി രൂപ നിക്ഷേപകര്‍ക്കും തിരികെ നല്‍കി. ബാക്കിയുള്ളത് ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന 9.25 ലക്ഷം രൂപ മാത്രമാണ്. ഇത് പഞ്ചാബ് നാഷനല്‍ ബാങ്കിലെ ഒരു എസ്‌ക്രോ (മൂന്നാം കക്ഷി ഇടനില) അക്കൌണ്ടില്‍ തന്നെ ഉണ്ട്. അവകാശികളായ നിക്ഷേപകര്‍ക്ക് ഈ അക്കൌണ്ട് മുഖേനയാണ് നിക്ഷേപം തിരിച്ചു നല്‍കിയിരുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു.