ലുലു ഇനി തമിഴകത്തും; കോയമ്പത്തൂര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നാളെ ജനങ്ങള്‍ക്കായി തുറക്കും

കോയമ്പത്തൂര്‍: റീട്ടെയില്‍ ഷോപ്പിംഗിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നാളെ മുതല്‍ കോയമ്പത്തൂരിലും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ തമിഴ്‌നാട് വ്യവസായ മന്ത്രി ടി ആര്‍ വി രാജ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും.
തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലകളില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍,മറ്റ് ആവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ബ്യൂട്ടി പ്രോഡക്ടസ് മുതല്‍ ഏറ്റവും രുചികരമായ ഹോട്ട് ഫുഡ്, ബേക്കറി തുടങ്ങിയവ ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് കോയമ്പത്തൂര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. ഇറക്കുമതി ചെയ്ത ഏറ്റവും മികച്ച ലോകോത്തര ഭക്ഷ്യ വസ്തുക്കളുടെ കേന്ദ്രവും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച ഷോപ്പിംഗ് സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്.
കോയമ്പത്തൂര്‍ അവിനാശി റോഡിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ലുലു ഗ്രൂപ്പിന്റെ തമിഴ്‌നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അബുദാബിയില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരുമായി ഒപ്പിട്ട ധാരണപാത്രത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്. 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നത്. ഷോപ്പിംഗ് മാള്‍,ഹൈപ്പര്‍ മാര്‍ക്കറ്റ്, ഭക്ഷ്യ സംസ്‌കാരണ യൂണിറ്റ് അടക്കം തമിഴ്‌നാട്ടിലെ വിവിധ മേഖലകളില്‍ ആരംഭിക്കാന്‍ നീക്കം സജീവമാണ്. ചെന്നൈയില്‍ തുടങ്ങുന്ന ലുലു മാളിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത് തന്നെ ആരംഭിക്കും.
സേലം, ഈറോഡ്, ഹൊസൂര്‍ അടക്കം വിവിധ പ്രദേശങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ള നീക്കവും വിപുലമാണ്. 15000 പേര്‍ക്കുള്ള പുതിയ തൊഴില്‍ അവസരമാണ് ഇതിലൂടെ തമിഴ്‌നാട്ടില്‍ ഒരുങ്ങുന്നത്.
Content Highlights - New Lulu Hypermarket will be opening in Coimbatore