LogoLoginKerala

ബിസിനസ് ജീവിതത്തിലെ വിപ്ലവകരമായ തീരുമാനമാണ് കൊച്ചി ലുലു മാള്‍: എം.എ യൂസഫലി


കൊച്ചി ലുലു മാളിന് പത്ത് വയസ്സ് ; ആഘോഷങ്ങള്‍ക്ക് തുടക്കം

 
lulu mall centenary

മാളില്‍ നിന്ന് നികുതിയായി മാത്രം സര്‍ക്കാരിന് ലഭിച്ചത് 2105 കോടി രൂപ

കൊച്ചി - കേരള വികസനത്തിന്റെ മുഖച്ഛായ മാറ്റിയ കൊച്ചി ലുലു മാള്‍ യാഥാര്‍ഥ്യമായിട്ട് പത്ത് വര്‍ഷം. ബിസിനസ് ജീവിതത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു കൊച്ചി ലുലു മാള്‍ എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി വ്യക്തമാക്കി.''ഇത്രയും ചെറിയ കൊച്ചിയില്‍ ഇത്രയും വലിയ മാള്‍ നടക്കില്ലെന്ന് പലരും പറഞ്ഞു, എന്നാല്‍ ഈ അഭിപ്രായം മാറ്റേണ്ടി വരുമെന്നും, തീരുമാനം ശരിയായിരുന്നുവെന്ന് പറയേണ്ടി വരുമെന്നും അവര്‍ക്ക് മറുപടി നല്‍കി. കാലം അത് ശരിയാണെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ന് കൊച്ചി വലുതായി, ലുലു മാള്‍ നഗരത്തിനെ അപേക്ഷിച്ച് ചെറുതായി.'' എം.എ യൂസഫലി കൂട്ടിചേര്‍ത്തു. ലുലു മാളിന്റെ പത്താം വാര്‍ഷികാഘോഷ വേളയില്‍ ഏവര്‍ക്കും ആശംസ അറിയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സന്ദേശത്തിലാണ് എം.എ യൂസഫലി സന്തോഷം പങ്കുവെച്ചത്. 
പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാളിലെ എട്രിയത്തില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് സിഇഒ ആന്‍ഡ് ഡയറക്ടര്‍ നിഷാദ് എം എ കേക്ക് മുറിച്ചു. ലുലു ഗ്രൂപ്പ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍, ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്‌സ് അടക്കമുള്ളവര്‍ പങ്കെടുത്തു. ലോകോത്തര ഷോപ്പിംഗ് സംസ്‌കാരം സമ്മാനിയ്ക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും കൊച്ചി നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിലും ലുലു മാള്‍ സുപ്രധാന പങ്ക് വഹിച്ചെന്ന് വി.നന്ദകുമാര്‍ പറഞ്ഞു. പ്രശസ്ത ഗായകന്‍ ഹരിശങ്കറും സംഘവും അണിനിരന്ന സംഗീത നിശയും സംഘടിപ്പിച്ചിരുന്നു. 
17 കോടിയിലധികം ഉപഭോക്താക്കളാണ് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ലുലു മാള്‍ സന്ദര്‍ശിച്ചത്. നികുതി ഇനത്തില്‍ മാത്രം 2105 കോടി രൂപ മാള്‍ സര്‍ക്കാരിന് നല്‍കി. 5000 ജീവനക്കാര്‍ സ്ഥാപനത്തിന്റെ ഭാഗമായി. നിയമവിരുദ്ധമായി ഒരു രൂപ പോലും ലുലുവിന്റെ ഭാഗമായിട്ടില്ല എന്ന ഉറപ്പാണ് സ്ഥാപനത്തിന്റെ ഉയര്‍ച്ചയുടെ കരുത്തെന്നും യൂസഫലി ചൂണ്ടികാട്ടി. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതികളും മാള്‍ ഒരുക്കിയിട്ടുണ്ട്. മാളില്‍ എവിടെയും കുറഞ്ഞത് 2500 രൂപയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 10 ലക്ഷത്തിലധികം വിലമതിയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍, വാച്ചുകള്‍, ലാപ്‌ടോപ്പുകള്‍, സമ്മാനങ്ങള്‍ എന്നിവ നേടാനുള്ള അവസരമാണ് ലഭിയ്ക്കുക.