തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റുമായി ലുലു കോയമ്പത്തൂരില്‍
കോയമ്പത്തൂര്‍- ലുലു ഇനിമുതല്‍ കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ , ആധുനിക സൗകര്യങ്ങളോടെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്പത്തൂരില്‍ ജനങ്ങള്‍ക്കായി തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ തമിഴ്‌നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോയമ്പത്തൂര്‍ അവിനാശി റോഡിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ലുലു ഗ്രൂപ്പിന്റെ തമിഴ്‌നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അബുദാബിയില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരുമായി ഒപ്പിട്ട ധാരണപാത്രത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്.
'' തമിഴ്‌നാട്ടിലേക്ക് കൂടി ലുലുവിന്റെ സേവനം ലഭ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ട്, അത്യാധുനിക സൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം കോയമ്പത്തൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ്. നേരിട്ടും അല്ലാതെയും അയ്യായിരം പേര്‍ക്ക് ആദ്യഘട്ടമായി തൊഴില്‍ ലഭിക്കും. പ്രാദേശിക തലത്തില്‍ കൂടുതല്‍ യുവജനങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ വരുന്നതോടെ തൊഴിലവസരം ഒരുങ്ങും. തമിഴ്‌നാട്ടിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കായി ലോജിസ്റ്റിക്‌സ് സെന്ററുകളും വിവിധയിടങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കും'' ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കി.
ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, ഇലക്ട്രോണിക്‌സ് എന്നിവയുടെ വിശാലമായ വിവിധ സെക്ഷനുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലകളില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉറപ്പാക്കിയിട്ടുണ്ട്. വീട്ടുപകരണങ്ങള്‍, മറ്റ് ആവശ്യവസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, ബ്യൂട്ടി പ്രോഡക്ടസ് മുതല്‍ ഏറ്റവും രുചികരമായ ഹോട്ട് ഫുഡ്, ബേക്കറി തുടങ്ങിയവ ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് കോയമ്പത്തൂര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. ഇറക്കുമതി ചെയ്ത ഏറ്റവും മികച്ച ലോകോത്തര ഭക്ഷ്യ വസ്തുക്കളുടെ കേന്ദ്രവും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും മികച്ച വിലയില്‍ ലഭ്യമാണ്. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച ഷോപ്പിംഗ് സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്.
തമിഴ്‌നാട്ടില്‍ 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നത്. ഫുഡ് സോഴ്‌സിങ്ങ് യൂണിറ്റ്, ലോജിസ്റ്റിക്‌സ് ഹബ്ബ് അടക്കം തമിഴ്‌നാട്ടിലെ വിവിധ മേഖലകളില്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ സജീവമാണ്. ചെന്നൈയില്‍ തുടങ്ങുന്ന ലുലു മാളിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത് തന്നെ ആരംഭിക്കും. സേലം, ഈറോഡ്, ഹൊസൂര്‍ അടക്കം വിവിധ പ്രദേശങ്ങളില്‍ പുതിയ പദ്ധതികള്‍ വിപുലീകരിക്കും. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടി ഡയറക്ടര്‍ എം.എ. അഷറഫ് അലി, ലുലു ഇന്ത്യ ആന്‍ഡ് ഒമാന്‍ ഡയറക്ടര്‍ എ.വി. ആനന്ദ്, ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, ലുലു ഇന്ത്യ സിഇഒ എം.എ നിഷാദ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായി.