ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമാണ് തിരുവനന്തപുരത്തെ ഹയാത്ത് റീജന്‍സിയെന്ന് മുഖ്യമന്ത്രി ; പഞ്ചനക്ഷത്ര ഹോട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
യൂസഫലിയെ പ്രശംസിച്ച് മുഖ്യമന്ത്രി ; വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിയ്ക്കുന്നവരെ യൂസഫലി ഒരുമിപ്പിയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി; നവംബര്‍ 27 മുതല്‍ ഹോട്ടല്‍ അതിഥികള്‍ക്കായി തുറന്ന് കൊടുക്കും
തിരുവനന്തപുരം : ലുലു ഗ്രൂപ്പും ഹയാത്തും ചേര്‍ന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജന്‍സി ഹോട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ നഗരഹൃദയത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായി ഹയാത്ത് റീജന്‍സി മാറി.നാടിന്റെ നിക്ഷേപ സൗഹൃദ രീതികള്‍ക്ക് ഉത്തേജനം പകരുന്ന ചുവടുവെയ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാന കുറവുകളിലൊന്ന് ഇതോടെ പരിഹരിക്കപ്പെട്ടെന്നും വിനോദ സഞ്ചാരമേഖല തഴച്ച് വളരുന്ന ഘട്ടത്തിലാണ് ഹയാത്തിന്റെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂസഫലിയുമായുള്ള സൗഹൃദമാണ് വ്യത്യസ്ത ആശയങ്ങളുള്ള എല്ലാവര്‍ക്കും ഒത്തുചേരാനുള്ള അവസരം പലപ്പോഴും ഒരുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ സദസ്സ് കയ്യടിയോടെയാണ് സ്വീകരിച്ചത്. നാടിന്റെ വികസനത്തിനും മുന്നോട്ടുള്ള പോക്കിനും ഇത്തരം പ്രസ്ഥാനങ്ങള്‍ ഏറ്റവും നിര്‍ണ്ണായകമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ വി ഡി സതീശന്‍ പറഞ്ഞു. പദ്ധതി തിരുവനന്തപുരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക നാഴികക്കലാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.
സ്വാഗത പ്രസംഗത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, കോഴിക്കോട് 500 കോടി നിക്ഷേപത്തില്‍ ഹയാത്ത് ഹോട്ടല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തി. ഹോട്ടലിലെ ഗ്രേറ്റ് ഹാള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ആന്റണി രാജു, ജി.ആര്‍ അനില്‍, വി.ശിവന്‍കുട്ടി, ശശി തരൂര്‍ എം.പി, എംഎല്‍എമാരായ പി കെ കുഞ്ഞാലക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. ലുലു ഗ്രൂപ്പ് എക്‌സിക്യട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, സി ഇ ഒ സൈഫി രൂപാവാല, സി ഒ ഒ സലിം വി ഐ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സി ഇ ഒ അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ നിഷാദ് എം എ, ലുലു തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവരും സംബന്ധിച്ചു.
600 കോടി രൂപ നിക്ഷേപത്തിലാണ് തിരുവനന്തപുരം ഹയാത്ത് റീജന്‍സി പൂര്‍ത്തിയാക്കിയിരിയ്ക്കുന്നത്. നഗരത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍, ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, ഡിപ്ലോമാറ്റിക് സ്യൂട്ട് ഉള്‍പ്പെടെ നിരവധി പ്രത്യേകതകളോട് കൂടിയാണ് ഹയാത്ത് റീജന്‍സി തുറന്നിരിയ്ക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതും വിശാലമായതുമായ സ്യൂട്ട് റൂമുകളടക്കം 132 മുറികള്‍, വൈവിധ്യം നിറഞ്ഞ അഞ്ച് ഡൈനിംഗ് ഡെസ്റ്റിനേഷനുകള്‍ എന്നിവ മറ്റ് സവിശേഷതകളാണ്. മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സൗകര്യവും ഹയാത്ത് റീജന്‍സിയെ ശ്രദ്ധേയമാക്കുന്നു. ഹോട്ടലില്‍ ഒരേസമയം 400 കാറുകളും 250 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സാധിയ്ക്കും.ലുലു ഗ്രൂപ്പും, രാജ്യാന്തര ഹോട്ടല്‍ ശ്രംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിയ്ക്കുന്ന മൂന്നാമത്തെ ഹോട്ടലാണ്. കൊച്ചിയിലും, തൃശ്ശൂരുമാണ് നേരത്തെ ഹോട്ടല്‍ തുറന്നിരുന്നത്.