LogoLoginKerala

കൂടുതൽ സ്റ്റാർട്ടപ്പുകൾ കേരളത്തിലുണ്ടാകേണ്ടത് അനിവാര്യമെന്ന് എം.എ യൂസഫലി

അടിസ്ഥാനസൗകര്യ വികസനവും ഉൽപ്പാദന കേന്ദ്രങ്ങളുടെ വളർച്ചയും ഉറപ്പാക്കിയാൽ മാത്രമേ വ്യവസായ മുന്നേറ്റം യാഥാർത്ഥ്യമാകൂ : എം.എ യൂസഫലി
 
Yusuff Ali M.A

ചൈന ഇന്ന് കൺസ്യൂമർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ്. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇബുവിൽ എത്തുമ്പോൾ ഉണ്ടായ അനുഭവം ചൂണ്ടികാട്ടി ചൈനയുടെ വ്യവസായ മുന്നേറ്റത്തിന്റെ നേർസാക്ഷ്യം വ്യക്തമാക്കുകയാണ് എം.എ യൂസഫലി. ഇന്നത്തേത് പോലെ സാങ്കേതിക വിപ്ലവത്തിൻറെ സാധ്യതകൾ ചൈന ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാത്ത കാലം. ഇബുവിലെ സന്ദർശത്തിനിടെ അന്നത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയെ യൂസഫലി കാണാനിടയായി, ദീർഘനേരം സംസാരിക്കാൻ അവസരം ലഭിച്ചു. ചൈനയിലെ മുൻനിര നേതാവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഏറെ ആകാംക്ഷയോടെ യൂസഫലി ചോദിച്ചു, നിങ്ങളുടെ രാജ്യം 
ഇത്രയധികം ജനസംഖ്യയുള്ള മികച്ച യുവതയുള്ള രാജ്യമാണ്, എന്നിട്ടും ചീനവല ചീനചട്ടി തുടങ്ങിയ ചുരുക്കം ഉൽപ്പന്നങ്ങൾ മാത്രമേ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ വരെ പരിചിതമായിട്ടുള്ളൂ. അത്രവലിയ സ്വാധീനം വ്യവസായിക രംഗത്ത് സൃഷ്ടിക്കാൻ കഴിയാത്തത് എന്താണ്. അദ്ദേഹത്തിൻറെ മറുപടിയാണ് ഏറെ ഞെട്ടിച്ചതെന്ന് എം.എ യൂസഫലി ചൂണ്ടികാട്ടുന്നു, ഇത്രയും നാൾ ലോകത്തിന് മുന്നിലേക്ക് വാതിൽതുറക്കാനായുള്ള തയാറെടുപ്പിലായിരുന്നു ചൈന...അടിസ്ഥാനസൗകര്യ വികസനവും ഉൽപ്പാദന കേന്ദ്രങ്ങളും കൂടുതൽ സജ്ജീകരിക്കാനുള്ള യാത്രയിലായിരുന്നു ചൈന ഇതുവരെ, ഇനി ചൈനയുടെ ഉൽപ്പന്നങ്ങൾ ലോകവിപണിയുടെ ഗതിനിർണയിക്കുന്ന സമയം തുടങ്ങുകയാണ്. കാലം ഈ വാക്കുകൾ ശരിയാണെന്ന് തെളിയിച്ചു. 30 വർഷങ്ങൾക്കിപ്പുറം വ്യവസായ രംഗത്ത് ചൈനയുടേതായ ചിത്രം  തെളിഞ്ഞുകഴിഞ്ഞു. റോഡ്, പാലം, ഹൈസ്പീഡ് റെയിൽ തുടങ്ങിയ നിരവധി മാറ്റങ്ങൾ കൊണ്ട് പുതിയ പാത തന്നെ വെട്ടി തുറന്നു. ഷാങ്ഹായ്, ബീജിങ്ങ് തുടങ്ങി ചൈനയുടെ വിവിധയിടങ്ങളിൽ ഇന്ന് ലുലുവിന്റെ സ്ഥാപനങ്ങളുണ്ട്. ചെറുകിട വ്യവസായങ്ങളും, മൈക്രോ നിർമ്മാണ ഹബ്ബുകളും ചൈനയെ കൺസ്യൂമർ ഉൽപ്പന്നങ്ങളുടെ നിരയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. ഇത്തരത്തിൽ അടിസ്ഥാനസൗകര്യ വികസനവും ഉൽപ്പാദന കേന്ദ്രങ്ങളുടെ വളർച്ചയുമാണ് കേരളത്തിലും ഉറപ്പാക്കേണ്ടതെന്ന് എം.എ യൂസഫലി പറഞ്ഞു. 
 

Heim Launche

കൂടുതൽ  വ്യവസായ സാധ്യതകൾ തുറക്കണം, ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ നിലവാരത്തിലേക്ക് ഉയർത്തണം. സാമൂഹികമായ മുന്നേറ്റത്തിനാണ് ഇത് വഴിതുറക്കുക. യുവജനത യൂറോപ്പിലേക്കും യുകെയിലേക്കും കുടിയേറുന്നത് കുറയ്ക്കാൻ ഈ മുന്നേറ്റത്തിലൂടെയേ കഴിയൂ. കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് വഴിതുറക്കുകയും, താൽപ്പര്യമുള്ളവർക്ക് കൂടുതൽ അവസരം തുറന്നുകൊടുക്കുയുമാണ് ചെയ്യേണ്ടത്. കാലത്തിന് അനുസരിച്ചുള്ള മാറ്റം വരണം.ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വിശ്വാസ്യതയും സ്വീകാര്യതയും വർധിക്കുന്ന കാലഘട്ടമാണിത്. ഇത് തിരിച്ചറിയാൻ കഴിയണം. എൻആർഐ നിക്ഷേപത്തിനുള്ള ബുദ്ധിമുട്ടകൾ രാജ്യത്ത് ഇന്നില്ല . വ്യവസായ മേഖലയിൽ സമൂലമായ മുന്നേറ്റമാണ്  പ്രധാനമന്ത്രിയുടെ വിദേശസന്ദർശനങ്ങൾ വഴിതുറന്നത്. രൂപയിൽ തന്നെ വാണിജ്യത്തിനുള്ള സാധ്യത തന്നെ യാഥാർത്ഥ്യമായിരിക്കുന്നു. ഈ മാറ്റങ്ങൾ ഉൾകൊണ്ടുള്ള വ്യവസായ സാധ്യത യുവസംരംകർ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന, ഇന്ത്യൻ നിർമ്മിത ഗ്രഹോപകരണ ഉൽപ്പന്നമായ ഹൈം ബ്രാൻഡിന്റെ  ലോഗോ പ്രകാശനവും ഹൈം 
ടിവിയുടെ  പ്രകാശനവും നിർവഹിക്കുന്ന ചടങ്ങിലായിരുന്നു എം.എ യൂസഫലിയുടെ ഈ വാക്കുകൾ.
ഹൈം ഉൽപ്പന്ന ഓണക്കാലത്ത് മലയാളികളുടെ മുന്നിൽ അവതരിപ്പിക്കുവാൻ
സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഹൈം ഗ്ലോബൽ മാനേജിങ് ഡയറക്ടർ ഷാനു എം ബഷീർ പറഞ്ഞു. 2025ഓടു കൂടി ഇന്ത്യയിലെ എല്ലാ വിപണികളിലും ഹൈം ഉത്പന്നങ്ങൾ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. 
ഇന്ത്യക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലും നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും ഒപ്പം സാർക്ക് രാജ്യങ്ങളിലും ഹൈം ഗ്ലോബലിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും.
എം.പിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്
മുൻ മന്ത്രി ഇ പി ജയരാജൻ, പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ, എ എൻ രാധാകൃഷ്ണൻ, വ്യവസായി നവാസ് മീരൻ. വി. കെ സി മമ്മദ് കോയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.