സ്വര്‍ണ്ണ വില ഇന്ന് പവന് കൂടിയത് 640 രൂപ

കൊച്ചി - സ്വര്‍ണ്ണത്തിന് ഇന്ന് പവന് 640 രൂപ വര്‍ധിച്ചു. ഒറ്റയടിക്ക് ഇത്രയും വര്‍ധന അടുത്ത ദിവസങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് അനുഭവപ്പെട്ടതിനാല്‍ ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശരാക്കിയാണ് ഇന്ന് വില കുതിച്ചത്. കേരളത്തിന് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45,200 രൂപയാണ് നല്‍കേണ്ടത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു പവന് 44560 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5650 രൂപയാണ് നല്‍കേണ്ടത്.
അമേരിക്കന്‍ വിപണിയിലെ അസ്ഥിരതയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ പുതിയ പലിശ നിരക്ക് പ്രഖ്യാപിച്ചേക്കും. ഇതില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2000 ഡോളര്‍ കടന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലുമുണ്ടായത്. സ്വര്‍ണ്ണ വില ഇനിയും കൂടുമെന്നാണ് പ്രവണതകള്‍ കാണിക്കുന്നത്.