LogoLoginKerala

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 67 ശതമാനം വര്‍ദ്ധനവോടെ 903 കോടി രൂപയായി

 
federal bank

കൊച്ചി- ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 902.61 കോടി രൂപയാണ് ബാങ്ക് അറ്റാദായം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 540.54 കോടി രൂപയായിരുന്നു അറ്റാദായം.

ബാങ്കിംഗ് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന പ്രവര്‍ത്തന ഫലമാണ് 903 കോടി രൂപയെന്ന അറ്റാദായവും ചരിത്രത്തിലെ ഏറ്റവും മികച്ച റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി ആയ 17.48  ശതമാനവും എന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷം മുഴുവന്‍ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചതിന്റെ ഫലമാണ് വാര്‍ഷിക അറ്റാദായമായ 3010.59 കോടി രൂപയും എല്ലാ മേഖലയിലും ഉറപ്പുവരുത്താന്‍ സാധിച്ച മികച്ച ആസ്തി നിലവാരവും. ടീമിന്റെ ആത്മാര്‍ഥമായ പരിശ്രമവും ഇടപാടുകാരുടെ വിശ്വാസവുമാണ് മികച്ച പ്രകടനത്തിന് ബാങ്കിനെ പ്രാപ്തമാക്കിയത്.   ഓരോ പാദത്തിലും ബാങ്കിന്റെ ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍ കൂടി വരുന്നുണ്ട് എന്നും ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്കിന്റെ പ്രവര്‍ത്തനലാഭവും എക്കാലത്തേയും ഉയര്‍ന്ന നേട്ടം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 67.20 ശതമാനം വര്‍ധിച്ച്  1334.58 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 798.20  കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം.

ബാങ്കിന്റെ മൊത്തം ബിസിനസ് 18.74 ശതമാനം വര്‍ധിച്ച് 387832.93 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 181700.59 കോടി രൂപയായിരുന്ന നിക്ഷേപം 213386.04  കോടി രൂപയായി വര്‍ധിച്ചു. കാസാ  നിക്ഷേപങ്ങള്‍ 69740.98  കോടി രൂപയിലുമെത്തി.

വായ്പാ വിതരണത്തിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 147639.45  കോടി രൂപയില്‍ നിന്ന്  177376.53  കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 17.16 ശതമാനം വര്‍ധിച്ച് 56076.86 കോടി രൂപയായി.  കാര്‍ഷിക വായ്പകള്‍ 21.46 ശതമാനം വര്‍ധിച്ച് 23355 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 17.91  ശതമാനം വര്‍ധിച്ച് 17274 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 23.45 ശതമാനം വര്‍ധിച്ച് 64311.34 കോടി രൂപയിലുമെത്തി.

സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് എക്കാലത്തേയും ഉയര്‍ന്ന അറ്റപലിശ വരുമാനമാണ് നേടിയത്. 21.31 ശതമാനം വാര്‍ഷിക വര്‍ധനയോടെ അറ്റ പലിശ വരുമാനം 7232.16 കോടി രൂപയിലെത്തി.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 5961.96 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ 3.31 ശതമാനമാണ്.

4183.77 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.36 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1205.01 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.69  ശതമാനമാണിത്. നീക്കിയിരുപ്പ് അനുപാതം 70.02 ശതമാനമെന്ന എന്ന മികച്ച നിലയിലാണ്. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 21419.49 കോടി രൂപയായി വര്‍ധിച്ചു. 14.81 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.  ബാങ്കിന് നിലവില്‍ 1355 ശാഖകളും 1914 എടിഎമ്മുകളുമുണ്ട്.

ഓഹരിയുടമകള്‍ക്ക് 50 ശതമാനം ലാഭവിഹിതം നല്‍കാന്‍ ഇന്നു നടന്ന ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് ശിപാര്‍ശ ചെയ്തു. വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിന്റെ അംഗീകാരത്തിനു ശേഷം ശിപാര്‍ശ പ്രാബല്യത്തിലാവുന്നതാണ്.