LogoLoginKerala

ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രം 20000 തൊഴിലവസരം: മുഖ്യമന്ത്രി

 
chief minister
കേരള സ്റ്റാര്‍ട്ടുപ്പ്മിഷന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രം ദുബായില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി- പ്രവാസി സമൂഹത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ വര്‍ഷം 20,000 തൊഴിലവസരം സ്റ്റാര്‍ട്ടപ്പുകളില്‍ ഉണ്ടാകുമെന്ന് ഇന്‍ഫിനിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ യുഎസ്എ, യുഎഇ, ആസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്. യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററിന്റെ പങ്കാളിയായി സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റിനെ തെരഞ്ഞെടുത്തു. കെഎസ് യുഎം സിഇഒ അനൂപ് അംബികയും സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരനും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.

സ്റ്റാര്‍ട്ടപ്പുകള്‍ വന്നതോടെ ഈ മേഖലയില്‍ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിച്ചു കഴിഞ്ഞാല്‍ ഉടന്‍ തൊഴിലെന്നാണ് നേരത്തെ ആലോചിക്കാറുള്ളത്. തൊഴില്‍ദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കി. ഈ മാറ്റം എങ്ങിനെ നമ്മുടെ നാട്ടില്‍ യുവജനങ്ങളില്‍ ഗുണകരമായ വിധത്തില്‍ നടപ്പാക്കാന്‍ കഴിയും എന്നതാണ് ഐടി വകുപ്പ് പരിശോധിക്കുന്നത്.
സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ വലിയ പിന്തുണയാണ് യുഎഇയില്‍ നിന്ന് ലഭിക്കുന്നത്. കേരളത്തിന്റെ ഐടി രംഗത്തെ ഏത് ചുവടുവയ്പിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട് ഈ കമ്പനികളുടെ സാന്നിദ്ധ്യം കേരളത്തില്‍ ഉറപ്പിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.

ലോകത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ കേരളം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ സല്‍പ്പേര് ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. ഇതിലൂടെ ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലെ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനത്തിലൂടെ പ്രവാസികള്‍ക്കും കമ്പനി അവിടെത്തന്നെ പ്രവര്‍ത്തിക്കാനാകും. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് നിക്ഷേപം സ്വീകരിക്കാന്‍, പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്‍ഫിനിറ്റി കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം.
 
ഐടി രംഗത്തെ വളര്‍ച്ചയ്ക്ക് വേണ്ടി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഐടി കോറിഡോര്‍ തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ-എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂര്‍ എന്നിങ്ങനെ ഐടി ഇടനാഴികള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ സ്ഥലമെടുപ്പ് നടക്കുകയാണ്.

വലിയ കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങാന്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയുണ്ടാകണം. ഐടിയ്ക്ക് പുറമെ, കൃഷി, കല എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.