LogoLoginKerala

ബിപിസിഎല്‍ പമ്പുകളില്‍ ഇ വി ചാര്‍ജിങ് സ്റ്റേഷനുകള്‍

 
bpcl

കൊച്ചി- കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 15 ഹൈവേകളിലായുള്ള  ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 110 ഇന്ധന സ്റ്റേഷനുകളില്‍ 19 വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു. കേരളത്തില്‍ 19 ഇന്ധന സ്റ്റേഷനുകളുമായി 3 കോറിഡോറുകളാണ് കമ്പനി തുറക്കുന്നത്. കര്‍ണാടകത്തില്‍ 33 ഇന്ധന സ്റ്റേഷനുകളുമായി 6 കോറിഡോറുകളും തമിഴ്‌നാട്ടില്‍ 58 ഇന്ധന സ്റ്റേഷനുകളുമായി 10 കോറിഡോറുകളും തുറക്കും.
125 കിലോമീറ്റര്‍ വരെ റേഞ്ചു കിട്ടുന്ന രീതിയില്‍ വൈദ്യുത വാഹനം ചാര്‍ജു ചെയ്യാന്‍ വെറും 30 മിനിറ്റാണ് എടുക്കുക എന്നും അതിനാല്‍ തങ്ങള്‍ രണ്ടു ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കിടയില്‍ 100 കിലോമീറ്റര്‍ ദൂരമാണു നല്‍കിയിട്ടുള്ളതെന്നും സൗത്ത് റീട്ടെയില്‍ മേധാവി പുഷ്പ് കുമാര്‍ നായര്‍ പറഞ്ഞു.
കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാര്‍പാടം ബസലിക്ക, കൊരട്ടി സെന്റ് ആന്റണീസ് ചര്‍ച്ച്,  മര്‍ക്കസ് നോളേജ് സിറ്റി തുടങ്ങിയവയെ ബന്ധിപ്പിച്ചായിരിക്കും ഇവ നിലവില്‍ വരുന്നത്. ആന്ധ്രാ പ്രദേശിലെ തിരുപ്പതിയും കര്‍ണാടകത്തിലെ ബന്ധിപൂര്‍ നാഷണല്‍ പാര്‍ക്കും രംഗനാഥസ്വാമി ക്ഷേത്രവും ജമ്പുകേശ്വര്‍ ക്ഷേത്രവും പോലുള്ള തീര്‍ത്ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഇതു ബന്ധിപ്പിക്കും.  തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ സൂര്യോദയം കാണാനും മധുരയിലെ മീനാക്ഷി ക്ഷേത്രം ദര്‍ശിക്കാനും അടക്കം നിരവധി സൗകര്യങ്ങളും ലഭിക്കും.
ബിപിസിഎല്‍ ഇതുവരെ 21 ഹൈവേകള്‍ വൈദ്യുത കോറിഡോറുകളാക്കി മാറ്റിക്കഴിഞ്ഞു. 2023 മാര്‍ച്ച് 31ഓടെ 200 ഹൈവേകള്‍ അതിവേഗ വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യമുള്ളവയാക്കി മാറ്റും. അതുവഴി രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
എറണാകുളത്തു നടത്തിയ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) പി. എസ്. രവി ഈ അതിവേഗ വൈദ്യുത ചാര്‍ജിങ് കോറിഡോറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. റീട്ടെയില്‍ സൗത്ത് മേധാവി പുഷ്പ് കുമാര്‍ നായര്‍, കേരളാ മേധാവി (റീട്ടെയല്‍) ഡി കന്നബിരണ്‍, ചീഫ് ജനറല്‍ മാനേജര്‍ (റീട്ടെയില്‍ ഇനീഷിയേറ്റീവ് ആന്റ് ബ്രാന്‍ഡ്) സുബന്‍കര്‍ സെന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.