LogoLoginKerala

പണമില്ല, വാഹനങ്ങള്‍ കട്ടപ്പുറത്ത്,അടച്ചു പൂട്ടല്‍ ഭീഷണിയില്‍ ബാംബൂ കോര്‍പറേഷന്‍

 
bamboo corporation

കൊച്ചി- കേരളത്തില്‍ രാഷ്ട്രീയ ഭിക്ഷംദേഹികളുടെ പുനരധിവാസ മേഖലയായ ബോര്‍ഡ്- കോര്‍പറേഷനുകള്‍ പലതും നേതാക്കള്‍ക്ക് സര്‍ക്കാര്‍ വാഹനവും വേതനവും ലഭിക്കാന്‍ മാത്രമുള്ള സംവിധാനങ്ങളാണിന്ന്. ഈറ്റ, പനമ്പ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപവത്കരിച്ച കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അധികാരികളുടെ അനാസ്ഥയെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് ഈ സ്ഥാപനം.
തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന വേതനവും മാസങ്ങളായി നിലച്ചു. ദൈനംദിന ചിലവുകള്‍ക്കു പോലും പണമില്ലാത്തതിനാല്‍ ഏതു നിമിഷവും സ്ഥാപനം അടച്ചുപൂട്ടേണ്ട സാഹചര്യമാണുള്ളതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വാഹനങ്ങളെല്ലാം കട്ടപ്പുറത്താണ്. ഡിപ്പോകളിലെ കറന്റ്കാശ് അടച്ചിട്ടില്ലാത്തതിനാല്‍ കണക്ഷന്‍ വിഛേദിക്കാനുള്ള ഒരുക്കത്തലാണ് വൈദ്യതിവകുപ്പ്.വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളുടെ വാടക നല്‍കിയിട്ടുംഒരു വര്‍ഷത്തിലധികമായി.
ബാംബൂ കോര്‍പറേഷന്‍ യഥാസമയം ഈറ്റ വിതരണം നടത്തുന്നില്ലെന്ന ആരോപണം നേരത്തെ തൊഴിലാളികള്‍ ഉന്നയിച്ചിരുന്നു. അന്നന്നു ജോലിചെയ്ത് അതില്‍നിന്ന് ലഭിക്കുന്ന കൂലിയില്‍നിന്നാണ് അവര്‍ ഉപജീവനം നടത്തിവരുന്നത്.കഴിഞ്ഞ കുറെ നാളുകളായി ഈറ്റ ലഭ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ ഡിപ്പൊകളെല്ലാം അടച്ചുപൂട്ടി. നെയ്ത് നല്‍കിയ പനമ്പിന്റെ കഴിഞ്ഞ നാല് മാസത്തെ കൂലി പോലും നെയ്ത്ത് തൊഴിലാളികള്‍ക്ക് നല്‍കിയില്ല. 2022 നവംബര്‍ മുതല്‍ ബാംബൂ കോര്‍പറേഷന്‍ ഡിപ്പോ തൊഴിലാളികള്‍, ബാംബൂ ബോര്‍ഡ് ഫാക്ടറി തൊഴിലാളികള്‍, ജീവനക്കാര്‍, ഇതര തൊഴിലാളികള്‍ എന്നിവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. നെയ്ത്തു തൊഴിലാളികളുടെ പനമ്പിന്റെ വില, മറ്റ് ആനുകൂല്യങ്ങള്‍, വിവിധ തൊഴിലാളികളുടെ ശമ്പളം ഇവ വിതരണം ചെയ്യുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.മുഴുവന്‍ സമയം മാനേജിംഗ് ഡയറക്ടര്‍ ഇല്ലാത്തതും കോര്‍പറേഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. മാനേജ്മെന്റിന്റെ അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവുമാണ് സ്ഥാപനത്തെ നശിപ്പിച്ചതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.