LogoLoginKerala

റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡില്‍ 4,966.80 കോടി നിക്ഷേപിക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി

 
reliance

കൊച്ചി/മുംബൈ: അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ('എഡിഐഎ') പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡില്‍ (ആര്‍ആര്‍വിഎല്ലില്‍) 4,966.80 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപം ആര്‍ആര്‍വിഎല്ലിനെ 8.381 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തില്‍ വിലമതിക്കും, അതുവഴി ഇക്വിറ്റി മൂല്യത്തില്‍ രാജ്യത്തെ  മികച്ച നാല് കമ്പനികളില്‍ ഒന്നായി ആര്‍ആര്‍വിഎല്ലിനെ മാറ്റും. എഡിഐഎയുടെ ഈ നിക്ഷേപത്തിലൂടെ എല്ലാ ഓഹരികളും കണക്കിലെടുക്കുമ്പോള്‍ ആര്‍ആര്‍വിഎല്ലിലെ 0.59%  ഉടമസ്ഥത എഡിഐഎയുടെ സ്വന്തമാകും.

റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിലെ നിക്ഷേപകര്‍ എന്ന നിലയില്‍ അവരുടെ തുടര്‍ച്ചയായ പിന്തുണയോടെ എഡിഐഎയുമായുള്ള തങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ മുകേഷ് അംബാനി പറഞ്ഞു. 'ആഗോളതലത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട മൂല്യനിര്‍മ്മാണത്തിലെ അവരുടെ ദീര്‍ഘകാല അനുഭവം, ഇന്ത്യന്‍ റീട്ടെയില്‍ മേഖലയെ ഞങ്ങളുടെ കാഴ്ചപ്പാടും പരിവര്‍ത്തനവും നടപ്പിലാക്കുന്നതില്‍ കൂടുതല്‍ പ്രയോജനം ചെയ്യും. ഈ നിക്ഷേപം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും തങ്ങളുടെ ബിസിനസ്സ് അടിസ്ഥാനകാര്യങ്ങളിലും തന്ത്രത്തിലും നിര്‍വ്വഹണ ശേഷിയിലും അവര്‍ക്കുള്ള വിശ്വാസത്തിന്റെ കൂടുതല്‍ തെളിവാണ്', അവര്‍ കൂട്ടിച്ചേര്‍ത്തു.

അഭൂതപൂര്‍വമായ വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിപണിയില്‍ റിലയന്‍സ് റീട്ടെയില്‍ ശക്തമായ വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ടെന്ന് എഡിഐഎ പ്രൈവറ്റ് ഇക്വിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് ഷാവന്‍ അല്‍ദാഹേരി പറഞ്ഞു. 'ഈ നിക്ഷേപം അതത് മേഖലകളെ മുന്നോട്ട് നയിക്കുന്ന ഞങ്ങളുടെ പോര്‍ട്ട്ഫോളിയോ കമ്പനികളെ പിന്തുണയ്ക്കുന്നതിനുള്ള  ലക്ഷ്യവുമായി ചേര്‍ന്ന് നില്‍ക്കുന്നു. റിലയന്‍സ് ഗ്രൂപ്പുമായി സഹകരിച്ച്, ഇന്ത്യയുടെ ചലനാത്മകവും അതിവേഗം വളരുന്നതുമായ ഉപഭോക്തൃ മേഖലയിലേക്കുള്ള ഞങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നിക്ഷേപ ഇടപാടില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ സാമ്പത്തിക ഉപദേഷ്ടാവായും സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്, ഡേവിസ് പോള്‍ക്ക് & വാര്‍ഡ്വെല്‍ എന്നിവര്‍ നിയമോപദേശകരായും പ്രവര്‍ത്തിച്ചു.

ആര്‍ആര്‍വിഎല്‍ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്ന റീട്ടെയില്‍ ബിസിനസ്സ് നടത്തുന്നു. 267 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷന്‍, ലൈഫ്സ്റ്റൈല്‍, ഫാര്‍മഉല്‍പ്പന്നങ്ങള്‍ എന്നിവ 8,500-ലധികം സ്റ്റോറുകളും ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളും വഴി എത്തിക്കുന്നു.