LogoLoginKerala

ലോക സാമ്പത്തിക ഫോറം; വ്യവസായികൾക്ക് വാതിൽ തുറന്ന് ഇന്ത്യ

 
Economic forum
ദാവോസ്: ആഗോള നിക്ഷേപർക്ക് ഇരുപത്തിനാല് മണിക്കൂറും തുറന്നിട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയും നരേന്ദ്ര മോദി സർക്കാരുമെന്ന് കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ നിക്ഷേപാവസരങ്ങൾ വ്യവസായ സമൂഹം പൂർണ്ണമായും ഉപയോഗപ്പെടുത്തണമെന്ന് ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംഘടിപ്പിച്ച സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വാണിജ്യ വ്യവസായ സമൂഹവുമായി സഹകരണ മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. 
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാൻ പദ്ധതിയെന്നും ഇത് 10 കോടിയിലേറെ ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനകരമായ ഈ പദ്ധതിയുടെ ആനുകൂല്യം കൂടുതലായും സ്ത്രീകളാണ് ഉപയോഗപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
നൈപുണ്യവികസനത്തിനായി മന്ത്രാലയം രൂപീകരിച്ച സർക്കാർ എല്ലാ മേഖലകളിലും ഒരു നൈപുണ്യ വികസന കൗൺസിൽ വ്യവസായികളുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ടെനും അറിയിച്ചു,.
*ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതെന്ന് എം.എ.യൂസഫലി*
ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യ ഒരു വൻ ശക്തിയായി മാറുമെന്ന് സെഷനിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. മുൻപ് നിലനിന്നിരുന്ന മിക്ക പഴഞ്ചൻ നിയമങ്ങളും സർക്കാർ മാറ്റിയത് നിക്ഷേപകർക്ക് വലിയ തോതിലാണ് സഹായകരമാകുന്നത്. വിദേശ ഇന്ത്യക്കാർക്ക് രാജ്യത്ത് മുതൽ മുടക്കുന്നതിനുള്ള എല്ലാ പ്രശ്നങ്ങളും ഈ നയ വ്യതിയാനത്തിലൂടെ കൂടുതൽ നിക്ഷേപകർ വരുന്നതിന് കാരണമായി. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളോട് കിടപിടിക്കുന്ന നിക്ഷേപ സാഹചര്യമാണ് കേരളത്തിലും നില നിൽക്കുന്നത്. 
ആരോഗ്യം, ഐ.ടി. ടൂറിസം മുതലായ മേഖലകളിൽ മികച്ച അവസരങ്ങളാണ് സംസ്ഥാനത്തുള്ളത്. നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്തെ തൊഴിൽ സമൂഹം ഉന്നതമായ അതാത് മേഖലകളിൽ ഉന്നതമായ വൈദഗ്ദ്യം ഉള്ളവരാണെന്നും കേരളത്തിലെ അവരങ്ങൾ വ്യവസായികൾ ഉപയോഗപ്പെടുത്തണമെന്നും യൂസഫലി പറഞ്ഞു. 
ബജാജ് ഫിൻ സെർവ് ചെയർമാൻ സഞ്ജീവ് ബജാജ്, ടാറ്റ ഗ്രുപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, സി.ഐ.ഐ. ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി എന്നിവരും സെഷനിൽ സംബന്ധിച്ചു. 
ഫോട്ടോ: ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ടാറ്റ ഗ്രുപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ബജാജ് ഫിൻ സെർവ് ചെയർമാൻ സഞ്ജീവ് ബജാജ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ., സി.ഐ.ഐ. ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി യൂസഫലി