LogoLoginKerala

ലോക സാമ്പത്തിക ഉച്ചകോടി ഇന്ന് തുടങ്ങും

 
economic

ദാവോസ്: ലോക സാമ്പത്തിക ഉച്ചകോടി സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ട് നഗരമായ ദാവോസില്‍ ഇന്ന് മുതല്‍ ആരംഭിക്കും. ലോകം  അഭിമുഖികരിക്കുന്ന വെല്ലുവിളികളെപ്പറ്റിയും മറ്റ് ആഗോള പ്രശ്‌നങ്ങളെപ്പറ്റിയും അഞ്ച് ദിവസത്തെ ഉച്ചകോടി ചര്‍ച്ച ചെയ്യും. കൂടുതല്‍ സുസ്ഥിരമായ ഒരു ആഗോള ക്രമത്തിന് അടിത്തറയിടുന്നതോടൊപ്പം സാമ്പത്തിക, ഊര്‍ജ്ജ, ഭക്ഷ്യ പ്രതിസന്ധികള്‍ ഉടനടി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും സാമ്പത്തിക ഫോറം ലോകനേതാക്കളോട് ആഹ്വാനം ചെയ്തു.

ഉക്രൈന്‍ യുദ്ധം,  കോവിഡ്,  കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ ദൗര്‍ലഭ്യം ഉള്‍പ്പെടെ  ലോകം നേരിടുന്ന വിവിധ പ്രതിസന്ധികള്‍ മാനവസമൂഹം ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ദാവോസ് ഉച്ചകോടിയെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

വിവിധ രാഷ്ട്രത്തലവന്മാര്‍, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തറാസ്, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഉള്‍പ്പെടെ 130 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പ്രമുഖരാണ് വരും ദിവസങ്ങളില്‍ ദാവോസില്‍ എത്തുന്നത്.

ഇന്ത്യൻ സംഘത്തെ അശ്വനി വൈഷ്ണവ്, സ്മ്രിതി ഇറാനി നയിക്കും

കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, സ്മ്രിതി ഇറാനി  നയിക്കുന്ന ഇന്ത്യൻ മന്ത്രിതല സംഘത്തിൽ  കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മണ്ഡവ്യ, ഊർജ്ജ മന്ത്രി ആർ.കെ സിംഗ്, മഹാരാഷ്ട് മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ഡെ, തമിഴ്‌നാട്, തെലങ്കാന മന്ത്രിമാരും എന്നിവരും ഉച്ചകോടിയിൽ  പങ്കെടുക്കുന്നുണ്ട്.  

ഗൗദം അദാനി, കുമാർ മംഗളം ബിർള, സുനിൽ മിത്തൽ, എം.എ. യൂസഫലി, എൻ. ചന്ദ്രശേഖരൻ, അദാർ പൂനാവാല എന്നിവർ ഉൾപ്പെടുന്ന വ്യവസായികളും ദാവോസിലെത്തുന്നുണ്ട്.