മലബാര്‍ രുചിക്കൂട്ടുകള്‍ക്ക് പുത്തന്‍ വിപണി കണ്ടെത്തി മലബാര്‍ ഡൈന്‍
കൊച്ചി: മാഹീയത്തെ പെങ്കുട്യോളെ കണ്ട്ക്കാ, കണ്ടിട്ടില്ലേ വാ, കൊച്ചീലെക്ക് വാ. പനമ്പള്ളി നഗറില്‍ അവന്യു സെന്ററില്‍ നടക്കുന്ന വനിതാ സംരംഭക പ്രദര്‍ശനത്തിലാണ് കൊതിയൂറുന്ന മലബാര്‍ വിഭവങ്ങളുമായി മാഹി സ്വദേശികളായ വനിതാ സംരംഭകര്‍ എത്തിയിരിക്കുന്നത്. ജസീല ഷഹീദ്, റൂബിന റെയ്സ്, ജസീമ അഷറഫ് എന്നിവരാണ് മലബാര്‍ പലഹാരങ്ങളും ബോയ്ല്‍ഡ് ഗ്രേപ്പ് ജ്യൂസും ടെണ്ടര്‍ കോക്കനട്ട് ജ്യൂസുമായി എത്തിയിരിക്കുന്നത്. മാഹി സ്വദേശികളായ ഇവര്‍ കൊച്ചിയില്‍ താമസിച്ച് മലബാര്‍ ഡൈന്‍ എന്ന കൂട്ടായ്മ രൂപീകരിച്ചാണ് ഭക്ഷ്യ വിപണിയില്‍ പുതിയ വിപണി സാധ്യത പരീക്ഷിച്ചത്.
വീട്ടിലിരുന്ന് ഓര്‍ഡര്‍ എടുത്താണ് ഇവര്‍ പലഹാരങ്ങള്‍ തയാറാക്കുന്നത്. പാര്‍ട്ടി ഓര്‍ഡറുകളും ചെറിയ ഓര്‍ഡറുകളും എടുക്കുന്നതിനൊപ്പം വ്യക്തിഗത ഓര്‍ഡറുകളും സ്വീകരിക്കും. ഇന്‍സ്റ്റഗ്രാം വഴിയും ഇവര്‍ വിപണി കണ്ടെത്തിയിട്ടുണ്ട്. ഉന്നയിക്കായ, കായപ്പോള, കല്‍മാസ്, കല്ലുമ്മക്കായ്, ചിക്കന്‍ റോള്‍, കട്ലറ്റ്, ഇറച്ചി പത്തിരി, ബണ്‍ ഷവര്‍മ, ചട്ടിപ്പത്തിരി, കുമ്പളങ്ങി പത്തിരി, തുടങ്ങി എല്ലാ മലബാര്‍ വിഭവങ്ങളും കൊതുയൂറും രുചിയില്‍ ഇവര്‍ തയാറാക്കി നല്‍കും. എട്ടുവര്‍ഷം മുന്‍പ് മലബാര്‍ കൂട്ടായ്മയിലൂടെ പൊതുരംഗത്തേക്ക് വന്നതോടെയാണ് ഇവര്‍ വിപണിയിലെ സാദ്ധ്യതകള്‍ മനസിലാക്കി സംരംഭക വഴിയിലേക്ക് തിരിഞ്ഞത്.