സോണ്‍ട കമ്പനിയുടെ ഗോഡ്ഫാദര്‍ മുഖ്യമന്ത്രി

കൊച്ചി- ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ബയോ മൈനിംഗ് കരാറുകാരായ സോണ്‍ട ഇന്‍ഫ്രാടെക്കിന്റെ ഗോഡ്ഫാദര്‍ മുഖ്യമന്ത്രിയെന്ന് മുന്‍ മേയര്‍ ടോണി ചമ്മണി. 20198 മെയ് 8 മുതല്‍ 12 വരെ മുഖ്യമന്ത്രി നടത്തിയ നെതര്‍ലാന്‍ഡ് സന്ദര്‍ശന വേളയില്‍ സോണ്‍ട കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവിടെ വെച്ച് സോണ്‍ട കമ്പനിയുടെ ജര്‍മന്‍ ഉപകമ്പനിയായ സോണ്‍ടാ ഗ്ലോബല്‍ ഇന്‍ഫ്രയുടെ പ്രതിനിധികള്‍ക്കൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം ടോണി ചമ്മിണി പുറത്തുവിട്ടു. ഈ ചര്‍ച്ചക്ക് പിന്നാലെയാണ് സോണ്‍ട കമ്പനിക്ക് സിംഗിള്‍ ടെന്‍ഡറായി മാലിന്യ പ്ലാന്റുകളിലെ ബയോ മൈനിംഗ് കരാര്‍ നല്‍കിയത്. കൊച്ചിക്ക് പുറമെ മറ്റിടങ്ങളിലേക്കും കരാര്‍ പോയത് ഈ കൂടിക്കാഴ്ചക്ക് പിന്നാലെയാണ്. യുഡിഎഫ് കാലത്ത് കൊണ്ട് വന്ന ടെന്‍ഡര്‍ യോഗ്യതകള്‍ അട്ടിമറിച്ചാണ് സോണ്‍ടക്ക് കരാര്‍ നല്‍കിയത്. സോണ്‍ട കമ്പനിക്ക് വേണ്ടി ടെന്‍ഡര്‍ യോഗ്യത മാറ്റി. മുഖ്യമന്ത്രിക്ക് സോണ്‍ട കമ്പനിയുമായി ഗാഢമായ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ടോണി ചമ്മിണി ആവശ്യപ്പെട്ടു. വിദേശികള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.
ബ്രഹ്മപുരവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. വിജിലന്‍സ് അന്വേഷണം കുറ്റക്കരെ സംരക്ഷിക്കാന്‍ വേണ്ടായാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും ടോണി ചമ്മണി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണ്. മാലിന്യ രഹിത സിറ്റിക്കുള്ള അവാര്‍ഡ് അല്ല ബിന്‍ ഫ്രീ സിറ്റിക്കുള്ള അവാര്‍ഡാണ് 2009 ല്‍ കിട്ടിയത്.