LogoLoginKerala

സോണ്ടയുടെ ബ്രഹ്മപുരം കരാറില്‍ ഗുരുതര ക്രമക്കേട്, കേന്ദ്ര അന്വേഷണത്തിന് വഴിയൊരുങ്ങി

നഗരസഭയറിയാതെ മറ്റൊരു കമ്പനിക്ക് ബയോമൈനിംഗ് ഉപകരാര്‍ നല്‍കി
 
brahmapuram

കരാറില്‍ സി പി എം ഉന്നത നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്ന ആരോപണം ശക്തം

കൊച്ചി- ബ്രഹ്മപുരം തീപിടുത്തത്തെക്കുറിച്ചും ബയോമൈനിംഗിനുള്ള കരാര്‍ സോണ്ട കമ്പനിക്ക് നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ചും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരും. ഇതേക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത് സി പി എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാന്‍ കഴിയുമെന്ന വ്യക്തമായ വിവരത്തെ തുടര്‍ന്നാണെന്ന് വിലയിരുത്തപ്പെടുന്നു.  മുതിര്‍ന്ന സി പി എം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ സി പി എം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകളുണ്ടെന്നാണ് ആരോപണം. സോണ്ട ഇന്‍ഫ്രാടെക്കിനെ നിയമസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് ശക്തമായി ന്യായീകരിച്ചതും അതേസമയം കൊച്ചി മേയര്‍ ഉള്‍പ്പെടെ സി പി എം ഭരിക്കുന്ന നഗരസഭകളിലെ മേയര്‍മാര്‍ സോണ്ട കമ്പനിക്കെതിരെ നിലപാടെടുത്തതും കരാറിന് പിന്നിലെ ഉന്നത നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സോണ്ട കമ്പനിക്ക് ബയോമൈനിംഗിന് വിവിധ നഗരസഭകളില്‍ കരാര്‍ നല്‍കിയത് ഉന്നത തലത്തില്‍ ഒത്തുകളി നടന്നതിന്റെ ഫലമാണെന്നും ആരോപിക്കപ്പെടുന്നു. ഭരണതലത്തിലെ ഈ പിടിപാടാണ് സോണ്ട കമ്പനിക്ക് നഗരസഭകളുടെ നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ ധൈര്യം പകര്‍ന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രഹ്മപുരത്തെ ബയോമൈനിംഗ് പ്രവര്‍ത്തനം സോണ്ട ഇന്‍ഫ്രാടെക്ക് നേരിട്ട് ഏറ്റെടുത്തില്ലെന്നതിന്റെ തെളിവ് പുറത്ത് വന്നത് കമ്പനിയെ ന്യായീകരിക്കുന്ന സി പി എമ്മിനെ പ്രതിരോധത്തിലാക്കും. ബയോമൈനിംഗിനുള്ള ഉപകരാര്‍ കൊച്ചി കോര്‍പറേഷന്‍ അറിയാതെ സോണ്ട ഇന്‍ഫ്രാടെക്ക് മറ്റൊരു കമ്പനിക്ക് നല്‍കിയതിന്റെ സുപ്രധാന രേഖകളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ എന്ന സ്ഥാപനത്തിനാണ് സോണ്ട ഇന്‍ഫ്രാടെക്ക് 2021 നവംബറില്‍ ഉപകരാര്‍ നല്‍കിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗില്‍ പ്രവര്‍ത്തി പരിചയമില്ല. 54 കോടിയുടെ കരാറില്‍ 22 കോടിയോളം രൂപക്കാണ് ഉപകരാര്‍ നല്‍കിയത്. ബയോമൈനിംഗില്‍ സോണ്ടക്ക് മുന്‍പരിചയമില്ലെന്ന് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സോണ്ട കമ്പനി ബയോമൈനിംഗിന് ആര്‍ക്കും ഉപകരാര്‍ നല്‍കിയിട്ടില്ലെന്നാണ് കമ്പനി എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലിന്റെ മകന് ആവ്ശ്യമായ വാഹനങ്ങള്‍ എത്തിക്കുന്നതിനു കരാര്‍ നല്‍കിയത് ഉപകരാറല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍ ബയോമൈനിംഗിന് നഗരസഭയെ അറിയിക്കാതെ മറ്റൊരു കമ്പനിക്ക് കരാര്‍ നല്‍കിയെന്ന വിവരം പുറത്തുവന്നതോടെ സോണ്ട കടുത്ത പ്രതിരോധത്തിലാണ്. കരാര്‍ വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് കമ്പനി നടത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിഷയത്തില്‍ ഗൂഢാലോചന നടന്നതായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ആരോപിച്ചു. ഉപകരാര്‍ നേടിയ ആരഷ് കമ്പനിയുടെ എം ഡി എന്‍ വൈ വെങ്കിട്ട് കൊച്ചിയില്‍ പുസ്തക കച്ചവടം നടത്തുന്ന ആളാണെന്നാണ് ടോണി ചമ്മിണിയുടെ ആരോപണം. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കമ്പനി ബ്രഹ്മപുരം ഉപകരാറിന് വേണ്ടി മാത്രം തട്ടിക്കൂട്ടിയതാണെന്നും ആരോപണമുണ്ട്. കമ്പനിയുടെ മേല്‍വിലാസം കാണിച്ചിരിക്കുന്നത് ബ്രഹ്മപുരത്താണ്.