LogoLoginKerala

യുവം രാഷ്ട്രീയ പരിപാടിയിലൊതുങ്ങി, പ്രസംഗം നടത്തി നരേന്ദ്രമോഡി മടങ്ങി

 
narendra modi

കൊച്ചി- കേരളത്തിലെ യുവജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി സംവദിക്കുമെന്ന് അവകാശപ്പെട്ട് സംഘടിപ്പിച്ച യുവം പരിപാടി ബി ജെ പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടിയായി ചുരുങ്ങി. രാഷ്ട്രീയ പ്രസംഗം നടത്തിയ ശേഷം യുവാക്കളുമായി സംവാദത്തിന് നില്‍ക്കാതെ പ്രധാനമന്ത്രി മടങ്ങിയതോടെ പരിപാടി കേവലം ബി ജെ പി പ്രചാരണ പരിപാടിയായി മാറി.
നരേന്ദ്രമോഡിയുമായി സംവദിക്കാനായി എത്തിയവരില്‍ പലരും കേരളത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു. ഇരുപതിനായിരത്തോളം പേര്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍  തന്റെ പ്രസംഗത്തിന് ശേഷം വേദിയിലുള്ള പ്രമുഖരുമായി കുശലം പങ്കുവെച്ചതല്ലാതെ സദസ്സിലുള്ള യുവാക്കളുമായി സംവദിക്കാന്‍ നരേന്ദ്ര മോദി തയ്യാറായില്ല. രാഷ്ട്രീയ പ്രസംഗത്തിന് ശേഷം ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ നരേന്ദ്രമോദി വേദി വിടുകയായിരുന്നു.ഇതിനുശേഷം ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടികാഴ്ചനടത്തുന്നതിനായി മോദി താജ് മലബാര്‍ ഹോട്ടലിലേക്ക് പോയതോടെ മോഡിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാനെത്തിയ വിദ്യാര്‍ഥികളടക്കമുള്ളവര്‍ നിരാശരായി.
'പ്രിയമലയാളി സുഹൃത്തുക്കളെ നമസ്‌കാരം' എന്ന് മലയാളത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക പാരമ്പര്യത്തെ പ്രശംസിച്ച് പ്രസംഗിച്ച മോഡി പിന്നീട് രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്.
നിശ്ചയിച്ചിരുന്നതിലും പത്തു മിനിറ്റ് വൈകിയാണ് പ്രധാനമന്ത്രി നാവിക ആസ്ഥാനത്ത് വിമാനമിറങ്ങിയത്. പത്തുമിനിറ്റ് വിശ്രമിച്ച ശേഷമാണ് അദ്ദേഹത്തിന്റെ റോഡ് ഷോ തുടങ്ങിയത്. കേരളീയ ശൈലിയില്‍ മുണ്ടും നേര്യതും ധരിച്ച് കേരളീയ വേഷത്തില്‍ എത്തിയ നരേന്ദ്രമോഡി റോഡ് ഷോയിലുടനീളം പുഷ്പവൃഷ്ടിയോടെ പതിനായിരങ്ങള്‍ സ്വീകരണമൊരുക്കി. ഔദ്യോഗിക വാഹനത്തിന്റെ ഡോര്‍ തുറന്ന് അഭിവാദ്യം ചെയ്ത് നീങ്ങിയ പ്രധാനമന്ത്രി തേവര ജംഗ്ഷനിലെത്തിയതോടെ കാറില്‍ നിന്നിറങ്ങി കാലന്‍നടയായി റോഡിനിരുവശവും തടിച്ചുകൂടി അഭിവാദ്യം ചെയ്ത് തടിച്ചു കൂടിയ ആയിരങ്ങളെ അഭിവാദ്യം ചെയ്ത് നടന്നു നീങ്ങി. പൊതുഗതാഗം പൂര്‍ണമായും സ്തംഭിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകി യുവം പരിപായിയുടെ വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ബി ജെ പി നേതാക്കളും സിനിമാതാരങ്ങളുമടങ്ങിയ വലിയൊരു ജനസഞ്ചയം ഊഷ്മളമായ സ്വീകരണം നല്‍കി.