മോഡിയുടെ സന്ദര്‍ശനം, 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
Mon, 24 Apr 2023

കൊച്ചി-പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി, കണ്ണമാലി എന്നീ പ്രദേശങ്ങളിലെ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എന്‍ ആര്‍ ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്‌കര്‍ ബാബു, ബഷീര്‍ എന്നിവരും കസ്റ്റഡിയിലായവരുടെ കൂട്ടത്തിലുണ്ട്. ഇന്ന് പുലര്‍ച്ചെ പള്ളുരുത്തി പൊലീസ് പ്രവര്‍ത്തകരെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മറ്റു ചിലര്‍ കൂടി കരുതല്‍ തടങ്കലിലുള്ളതായാണ് വിവരം. എറണാകുളത്തേക്കുള്ള എല്ലാ പ്രവേശന മാര്‍ഗങ്ങളിലും പോലീസ് സംശയമുള്ളവരെയെല്ലാം പോലീസിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധിക്കുന്നുണ്ട്. സംശയം തോന്നിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശമുള്ളത്.