പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി യങ്ങ് ഇന്ത്യ ക്യാംപെയിന്‍

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന 'യങ് ഇന്ത്യ ആസ്‌ക് ദി പിഎം' എന്ന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, കൊല്ലം ജില്ലയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ്, എറണാകുളത്ത് മന്ത്രി പി രാജീവ്, പാലക്കാട് കോട്ട മൈതാനത്ത് ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി തോമസ്, കോഴിക്കോട് മന്ത്രി പിഎ മുഹമ്മദ് റിയാസ്, കണ്ണൂരില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം എംപി, കാസര്‍ക്കോട് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് എന്നിവരാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
121 ലോകരാജ്യങ്ങളെ പരി?ഗണിച്ച് പുറത്തിറക്കിയ ആഗോളപട്ടിണിസൂചികയില്‍ ഇന്ത്യ 107-മത് സ്ഥാനത്തേക്ക് തള്ളപ്പെട്ടത് എന്തുകൊണ്ടാണ്, ഒമ്പത് വര്‍ഷത്തെ പ്രധാനമന്ത്രി കാലയളവില്‍ 2019ല്‍ മാത്രമാണ് ഒരു വാര്‍ത്താസമ്മേളനം നടത്തിയത്. ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറല്ലെന്നത് ഉചിതമായി തോന്നുന്നുണ്ടോ, എന്തിനാണ് ചോദ്യങ്ങളെ ഭയപ്പെടുന്നത്, ബിഎസ്എന്‍എല്ലിനെ സേവനം ലഭ്യമാക്കാതെ വൈകിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണ് തുടങ്ങി 100 ചോദ്യങ്ങളാണ് ജില്ലാകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച യങ് ക്യാമ്പയിനില്‍ യുവാക്കള്‍ ഉന്നയിച്ചത്.
ആര്‍എസ്എസ് മുന്‍കൂട്ടി തീരുമാനിച്ച ചോദ്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി മറുപടി നല്‍കുന്നതെന്നും ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുകയാണെന്നും കൊല്ലത്ത് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചോദ്യം ചോദിക്കുന്നതിനെ രാജ്യവിരുദ്ധമായാണ് കണക്കാക്കുന്നത്, ചോദ്യം ചോദിക്കുന്നയാളെ കല്‍തുറുങ്കില്‍ അടക്കപ്പെടും. എന്നാല്‍ ചോദ്യം ചോദിക്കുന്നത് ഡിവൈഎഫ്‌ഐ സമരായുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തെ അറിയണമെന്നും അതിനാല്‍ അദ്ദേഹം ഇടയ്ക്കിടെ കേരളം സന്ദര്‍ശിക്കുന്നത് നന്നാകുമെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. വോട്ടിന് വേണ്ടി അരമനകള്‍ കയറിയിറങ്ങി യാചിക്കുകയാണ് ബിജെപിയെന്ന് പറഞ്ഞ ഇ പി ജയരാജന്‍ കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും വ്യക്തമാക്കി. ബിജെപിക്ക് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.