30 ലക്ഷത്തിലേറെ മുടക്കി വീടുവാങ്ങി മോടിപിടിപ്പിച്ചു ; അയൽക്കാർക്ക് തോന്നിയ സംശയത്തിൽ 50 പവന് മോഷ്ടിച്ച യുവാവ് കുടുങ്ങി
മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടിക്കാത്തതിലുള്ള പ്രതിഷേധത്തിന് മുന്നിൽ നിന്നയാളാണ് പിടിയിലായ യുവാവ്
പാലക്കാട്: പറക്കുന്നത്ത് അൻപത് പവൻ സ്വർണവും പണവും മോഷണം പോയ കേസിൽ അയൽവാസി പിടിയിലായി. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം പിടിയിലാകുന്നത്. അയൽവാസിക്ക് സമീപകാലത്തുണ്ടായ സാമ്പത്തിക അഭിവൃദ്ധിയിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പറക്കുന്നം സ്വദേശി ജാഫർ അലി പിടിയിലായത്. 2021 സെപ്തംബറിലാണ് പറക്കുന്നം സ്വദേശി ബഷീറിൻ്റെ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷണം പോയത്.
2022 ഫെബ്രുവരി 12നാണ് ബന്ധുവായ ജാഫറിൻ്റെ വീട്ടിൽ നിന്ന് 30 പവനും മോഷണം പോയത്. രണ്ടു മോഷണവും വീട്ടുകാർ വീട് അടച്ചിട്ട് ദൂരയാത്രക്ക് പോയപ്പോഴാണ് നടന്നത്. പൊലീസ് അന്വേഷണം നടത്തുകയും സിസിടിവികൾ മുഴുവനും പരിശോധിക്കുകയും ചെയ്തിട്ടും ഒരു വർഷം കഴിഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബഷീറിൻ്റെ ബന്ധുവിൻ്റെ വീട് സമീപവാസിയായ ജാഫർ അലി 27 ലക്ഷം രൂപയ്ക്ക് വാങ്ങുകയും 4 ലക്ഷം രൂപയുടെ നവീകരണം നടത്തുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ പ്രദേശവാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാഫർ അലിയെ കസ്റ്റഡിയിലെടുക്കുന്നത്.വിരലടയാളം പരിശോധിച്ചതോടെ പ്രതി ഇയാൾ തന്നെയെന്ന് സ്ഥിരീകരിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മോഷണം നടത്തിയത് താനാണെന്ന് ജാഫർ അലി സമ്മതിച്ചു. മോഷ്ടിച്ച സ്വർണം പല ഘട്ടങ്ങളിലായാണ് വിൽപ്പന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
മുൻപ് ഗൾഫിലായിരുന്ന ജാഫർ അലി 2019 മുതൽ നാട്ടിലാണുള്ളത്. വാങ്ങിയ വീടിനെ പട്ടി ചോദിച്ചപ്പോൾ ഗൾഫിൽ ജോലി ചെയ്തപ്പോൾ സമ്പാദിച്ചതാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ അത് തെളിയിക്കുന്നതിനാവശ്യമായ ഒന്നും നൽകാൻ കഴിഞ്ഞിരുന്നില്ല. പറക്കുന്നത്തെ ഒരു പലചരക്ക് കടയിൽ ജോലി ചെയ്തു വരികയാണ് ഇയാൾ. നാട്ടുകാരുമായി എല്ലാ കാര്യത്തിനും സഹകരിച്ച് പ്രവർത്തിക്കുന്ന ഇയാൾ മോഷണം നടന്നപ്പോൾ പ്രതിയെ പിടിക്കാത്തതിലുള്ള പ്രതിഷേധത്തിന് മുന്നിൽ നിൽക്കുകയും ചെയ്തിരുന്നു.
പറക്കുന്നം മോഷണക്കേസിൽ പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിൻ്റെ അഭിമാന പ്രശ്നമായി മാറിയിരുന്നു. ഒരു റസിഡൻഷ്യൽ മേഖല ആയിട്ടും സിസിടിവികളിലൊന്നും പ്രതിയുടെ ദൃശ്യം ഇല്ലായെന്ന് വന്നതോടെ ആ പ്രദേശം നന്നായി അറിയുന്ന ആളാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. അങ്ങനെയാണ് കോളനിയിലെ ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അന്വേഷിച്ചു. ഇതോടെയാണ് ജാഫർ അലി നിരീക്ഷണ വലയത്തിൽപ്പെടുന്നത്.
ഒരു വർഷമായെങ്കിലും പ്രതിയെ പിടിച്ചതോടെ പൊലീസിനെ നാട്ടുകാർ അഭിനന്ദനങ്ങൾക്കൊണ്ട് മൂടി. പാലക്കാട് നോർത്ത് എസ് ഐ സികെ രാജേഷ്, പ്രൊബേഷൻ എസ് ഐ തോമസ് ക്ലീറ്റസ്, എസ് ഐ നന്ദകുമാർ, സീനിയർ സി പി ഒ മാരായ സലിം , നൗഷാദ്, പ്രസാദ്, സത്താർ, സന്തോഷ്, സി പി ഒ മാരായ രഘു, മണികണ്ഠദാസ് , സായൂജ്, രതീഷ്, രജിത്, വനിതാ സി പി ഒ ഷജിത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.