LogoLoginKerala

'സംരംഭകയെ വേട്ടയാടുന്നു' മാസപ്പടി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

 
Pinarayi
മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടിയല്ല എക്സാലോജിക്ക് കമ്പനി കൈപ്പറ്റിയതെന്നും ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. . ഇതിനെ മാസപ്പടിയാണ് എന്നുപറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 
'മാസപ്പടി' എന്ന പേരിട്ടാണ് ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നുപറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്.സേവനം ലഭ്യമാക്കിയില്ല എന്ന് സി എം ആര്‍ എല്‍ കമ്പനിക്ക് പരാതിയില്ല. കമ്പനിയുടെ ഭാഗം കേള്‍ക്കാതെ ആരോപണം ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണ്. സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിന് പ്രതിഫലം ലഭിച്ചിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. വിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും പൊതുപ്രവര്‍ത്തകന്‍ വഴിവിട്ട സഹായം ചെയ്തതായി ആരോപണമില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാരിന് പങ്കുള്ള കമ്പനിയെന്നാണ് മറ്റൊരു ആരോപണം. സി എം ആര്‍ എല്ലില്‍ കെ എസ് ഐ ഡി സി ഓഹരിനിക്ഷേപം നടത്തിയത് 32 വര്‍ഷങ്ങള്‍ക്കുമുമ്പ് 1991-ലാണ്. അന്ന് താനോ മന്ത്രിസഭയിലെ ആരും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായിരുന്നില്ല. ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നത്. ഈ സെറ്റില്‍മെന്റില്‍ എക്സാലോജിക്ക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റില്‍മെന്റിന് വിധേയമായിട്ടുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എക്‌സാലോജിക് കമ്പനി അതിന്റെ ബിസിനസിന്റെ ഭാഗമായി പല സ്ഥാപനങ്ങളുമായും സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് ബിസിനസ് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് സിഎംആര്‍എല്‍. നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിനു പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇതു സ്രോതസ്സില്‍ ആദായനികുതി അടച്ചാണ് നല്‍കിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇതു വെളിപ്പെടുത്തിയിട്ടുണ്ട്. വാളയാര്‍ ചുരത്തിനിപ്പുറം ബിജെപിയും യുഡിഎഫും തമ്മിലുള്ള സഖ്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍കൂടി കക്ഷികളാകുന്നുവെന്ന പരിഹാസ്യമായ വസ്തുത കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു. വസ്തുതകൾ കൃത്യമല്ലാത്ത നിലപാടാണ് മുഖ്യമന്ത്രിയുടേത് എന്നും കോൺഗ്രസ് ആരോപിച്ചു. വിഷയം സഭയിൽ വരുംദിവസങ്ങളിലും വലിയ വാഗ്വാദങ്ങൾക്ക് വഴതുറന്നേക്കുമെന്ന് വ്യക്തമാവുകയാണ്.