LogoLoginKerala

അരിക്കൊമ്പനെ തേടി കാട്ടാനക്കൂട്ടം, ചിന്നക്കനാലില്‍ വീട് തകര്‍ത്തു

 
elephant attack

ഇടുക്കി- അരിക്കൊമ്പനെ നാടുകടത്തിയിട്ടും ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം തുടരുന്നു. ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം ഇന്നു പുലര്‍ച്ചെ വീട് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിനു സമീപം രാജന്റെ വീടാണ് തകര്‍ത്തത്. രാജന്‍ ചികിത്സക്കായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നതിനാല്‍ ആളപായമുണ്ടിയില്ല. നാലു കാട്ടാനകളുടെ കൂട്ടത്തില്‍ ചക്കക്കൊമ്പനും ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. മുളകളും ഷീറ്റുകളും ഉപയോഗിച്ച് നിര്‍മിച്ച വീടും വീട്ടിലെ ഉപകരണങ്ങളും കാട്ടാനക്കൂട്ടം പൂര്‍ണമായും തകര്‍ത്തു.
ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്‌തെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.  ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകര്‍ത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തില്‍ മറ്റ് ആനകള്‍ അക്രമകാരികളായെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നും ഈ മേഖലയില്‍ 12 ഓളം കാട്ടാനകള്‍ പോകാതെ നില്‍ക്കുകയാണ്. മദപ്പാടിലുള്ള ചക്കക്കൊമ്പനും ഇക്കൂട്ടത്തിലുണ്ട്. അരിക്കൊമ്പനെ അന്വേഷിച്ചാണ് പിടിയാനകളടങ്ങിയ സംഘം ജനവാസ മേഖലക്കടുത്ത് തമ്പടിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അരിക്കൊമ്പനെ പിടികൂടിയ സാഹചര്യത്തില്‍ കാട്ടാനകളുടെ ആക്രമണം ഉണ്ടാകുമെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.