'കേരളത്തിലും അധികാരത്തിലേറും, ഞങ്ങള്‍ക്കിപ്പോള്‍ ആത്മവിശ്വാസമുണ്ട് - മോദി
Fri, 3 Mar 2023

കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസും ഇടതും ഒരുപോലെയാണെന്ന് ത്രിപുര തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ബദല്‍ ബിജെപി നല്‍കുമെന്നും മോദി വ്യക്തമാക്കി.
‘നമുക്കെതിരെയുള്ള മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടുമെന്ന് ഞങ്ങള്‍ ഇപ്പോള്‍ ആത്മവിശ്വാസത്തിലാണ്. വര്‍ഷങ്ങളായി ബിജെപിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിയിലാഴ്ത്തുന്നുണ്ട്. ഗോവയ്ക്ക് ശേഷം ക്രിസ്ത്യന്‍ സമൂഹം താമസിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ മിഥ്യ തകര്‍ന്ന് തുടങ്ങിയിരിക്കുന്നു. പല രാഷ്ട്രീയ നിരീക്ഷകരും ബിജെപിയുടെ വിജയത്തിന്റെ രഹസ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.'ത്രിവേണി'യാണ് അതിന്റെ കാരണം. ത്രിവേണിയെന്നാല്‍ മൂന്ന് ധാരകളുടെ സംയോജനമാണ്. അതില്‍ ഒന്നാമത്തേത് ബിജെപി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം. രണ്ടാമത്തേത് ബിജെപിയുടെ പ്രവര്‍ത്തന ശൈലിയാണ്. മൂന്നാമത്തേത് ബിജെപിയുടെ പ്രവര്‍ത്തകരാണ്' മോദി ചൂണ്ടിക്കാട്ടി