LogoLoginKerala

വാട്ടര്‍മെട്രോ 25ന് ഓടിത്തുടങ്ങും, പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും

 
water metro

ആദ്യ സര്‍വീസ് വൈപ്പിന്‍-ബോള്‍ഗാട്ടി-ഹൈക്കോടതി റൂട്ടില്‍

കൊച്ചി- കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി വാട്ടര്‍മെട്രോ 25ന് ഓടിത്തുടങ്ങും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വാട്ടര്‍മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിക്കും. മെട്രോ റെയിലിന് അനുബന്ധമായി ജലമെട്രോയുള്ള രാജ്യത്തെ ആദ്യ നഗരമായി ഇതോടെ കൊച്ചി മാറും.

water metro


നഗരത്തോടുചേര്‍ന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂര്‍ത്തിയാകുമ്പോള്‍ 76 കിലോമീറ്റര്‍ റൂട്ടില്‍ 38 ടെര്‍മിനലുകളും 78 ബോട്ടുകളുമുണ്ടാകും.
മാസങ്ങളായി വാട്ടര്‍മെട്രോ ബോട്ടുകളുടെ പരീക്ഷണ സര്‍വീസ് എറണാകുളം - വൈപ്പിന്‍ റൂട്ടില്‍ നടന്നുവരികയാണ്.  ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലും പ്രവര്‍ത്തിപ്പിക്കാവുന്ന ബോട്ടുകളില്‍ നൂറുപേര്‍ക്ക്  സഞ്ചരിക്കാം. ബോട്ടുകളിലേക്കും ടെര്‍മിനലുകളിലേക്കുമുള്ള ജീവനക്കാരെ കെഎംആര്‍എല്‍ റിക്രൂട്ട് ചെയ്തിരുന്നു. ഇവര്‍ക്ക് പരിശീലനവും നല്‍കി. കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന 23 ബോട്ടുകളില്‍ എട്ടെണ്ണം ലഭിച്ചു. ഒരെണ്ണംകൂടി ഉടന്‍ ലഭിക്കും.

water metro

വൈപ്പിന്‍-ബോള്‍ഗാട്ടി-ഹൈക്കോടതി റൂട്ടിലായിരിക്കും വാണിജ്യ അടിസ്ഥാനത്തിലുള്ള ആദ്യ സര്‍വീസ്. വൈറ്റില-കാക്കനാട് റൂട്ടും സര്‍വീസിന് തയ്യാറാണ്. ഹൈക്കോടതി, ബോള്‍ഗാട്ടി, വൈപ്പിന്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളുടെ ജോലികള്‍ പൂര്‍ണമായി. ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ ടെര്‍മിനലുകളില്‍ ബോട്ടുകളിലേക്ക് കയറാനും ഇറങ്ങാനുമുള്ള ഫ്‌ലോട്ടിങ് പൊണ്ടൂണുകള്‍ സ്ഥാപിച്ചാല്‍മാത്രം മതി. വൈറ്റിലയിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍നിന്ന് ബോട്ടുകള്‍ക്ക് പൊതുനിയന്ത്രണവും ഉണ്ടാകും.

water metro