LogoLoginKerala

ഉക്രൈന്‍ യുദ്ധമുന്നണിയില്‍ നിന്ന് വാഗ്നര്‍ സംഘം മോസ്‌കോയിലേക്ക്

പ്രിഗോഷിന്റെ കൂലിപ്പട്ടാളത്തെ തടയാന്‍ മോസ്‌കോയില്‍ സൈനിക വിന്യാസം

 
wagner group

മോസ്‌കോ-റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് വേണ്ടി യുക്രൈനില്‍ പോരാട്ടം നയിച്ച കൂലിപ്പട്ടാളത്തിന്റെ മേധാവിയായ യെവ്ഗിനി പ്രിഗോഷ് നേതൃത്വം നല്‍കുന്ന വാഗ്‌നര്‍ സംഘം രാജ്യത്തെനിതിരേ തന്നെ തിരിഞ്ഞതോടെ റഷ്യയില്‍ സൈനിക അട്ടിമറി ഭീഷണി.  മോസ്‌കോ ലക്ഷ്യം വെച്ച് നീങ്ങുന്ന വാഗ്‌നര്‍ സംഘത്തെ നിയന്ത്രിക്കാന്‍ റഷ്യന്‍ സൈന്യം തയ്യാറെടുത്തു. റഷ്യയിലെ സൈനിക നേതൃത്വത്തെ തുരത്തുമെന്ന്  യെവ്ഗിനി പ്രിഗോഷ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചു.

ഉക്രൈന്‍ ആക്രമണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന വാഗ്നര്‍ സംഘത്തെ പ്രകോപിപ്പിച്ചത് ഇവരുടെ താവളത്തിനു നേരേയുണ്ടായ ആക്രമണമാണ്. റഷ്യന്‍ സൈന്യമാണ് ഇതിന് പിന്നിലെന്ന് വാഗ്നര്‍ സംഘം ആരോപിക്കുമ്പോള്‍ റഷ്യന്‍ സൈന്യം അത് നിഷേധിക്കുകയാണ്. ഉക്രൈന്‍ യുദ്ധത്തില്‍ വേണ്ടത്ര മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയാത്തത് റഷ്യന്‍ സൈനിക നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പ്രിഗോഷ് ആരോപിക്കുന്നു. വാഗ്നര്‍ സംഘത്തിന് ആവശ്യത്തിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നില്ലെന്നും പ്രിഗോഷ് പരാതിപ്പെട്ടിരുന്നു. കുറച്ചു നാളുകളായി പ്രിഗോഷിന്റെ ഭാഗത്തു നിന്നുള്ള പ്രകോപനങ്ങള്‍ ക്ഷമയോടെ സഹരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഇന്ന് ശക്തമായ താക്കീതാണ് വാഗ്നര്‍ സംഘത്തിന് നല്‍കിയിരിക്കുന്നത്.

'പിന്നില്‍ നിന്നുള്ള കുത്താ'ണ് വിമത നീക്കമെന്ന് പുട്ടിന്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഇത് സൈനിക അട്ടിമറിക്കുള്ള നീക്കമല്ലെന്നാണ് വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന്റെ നിലപാട്. 'നീതിയുടെ മുന്നേറ്റ'മാണ് റഷ്യയില്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ മോസ്‌കോ വിട്ടതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും സര്‍ക്കാര്‍ വക്താവ് അത് തള്ളിക്കളഞ്ഞു. പുട്ടിന്‍ ക്രെംലിന്‍ കൊട്ടാരത്തില്‍ ജോലിയില്‍ വ്യാപൃതനാണെന്ന് വക്താവ് വിശദീകരിച്ചു.

വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോയില്‍ പ്രവേശിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളാണ് ഉണ്ടാകുകയെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ് മുന്നറിയിപ്പു നല്‍കി. റഷ്യന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായ മെദ്വെദേവ്, ആണവായുധങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ കൈകളിലെത്തിയാല്‍ വന്‍ വിനാശമാകും ഉണ്ടാവുകയെന്നും ചൂണ്ടിക്കാട്ടി. ഇത്തരമൊരു പ്രതിസന്ധി കൂടി മുന്നില്‍ക്കണ്ടാണ് റഷ്യന്‍ സൈന്യം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വാഗ്നര്‍ ഗ്രൂപ്പ് ആണവായുധങ്ങള്‍ കൈക്കലാക്കിയാല്‍, ലോകത്തിന്റെ തന്നെ നാശമാകും ഉണ്ടാകുകയെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

അട്ടിമറി ഭീഷണിയ്ക്കിടയില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പുടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചെച്ചന്‍ ആര്‍മിയും പുടിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. തങ്ങളുടെ സൈനികരെ വാഗ്‌നര്‍ ഗ്രൂപ്പിനെ തുരത്താനായി വിന്യസിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വാഗ്‌നര്‍ ഗ്രൂപ്പിന്റെ അട്ടിമറി ശ്രമത്തിന് അധിക ആയുസുണ്ടാകില്ല എന്നാണ് നിലവിലെ സാഹചര്യം വിലയിരുത്തുന്ന യുദ്ധ തന്ത്രജ്ഞരുടെ അഭിപ്രായം. അട്ടിമറി വിജയിച്ചില്ലെങ്കിലും യുക്രെയിന്‍ യുദ്ധത്തിന്റെ ഗതിമാറ്റത്തിന് വാഗ്‌നര്‍ ഗ്രൂപ്പിന്റെ നയം മാറ്റം നിര്‍ണായക പങ്ക് വഹിച്ചേക്കും.