LogoLoginKerala

അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിന്റെ മുറിയില്‍ കണ്ടെത്തിയത് ഒരുകോടിയുടെ സമ്പാദ്യം

 
bribe


പാലക്കാട്- കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിന്റെ താമസസ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ കള്ളപ്പണം പിടിച്ചെടുത്തു. പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ്  സുരേഷ് കുമാര്‍ താമസിക്കുന്ന ലോഡ്ജില്‍ നിന്നാണ് അനധികൃതമായി സമ്പാദിച്ച ധനശേഖരം പിടിച്ചെടുത്ത്.

35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും  17 കിലോ നാണയങ്ങളും വിജിലന്‍സ്  പിടിച്ചെടുത്തു.  ഇയാള്‍ക്ക്  25 ലക്ഷം രൂപയുടെ സേവിംഗ്‌സ് ഉണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. മൊത്തം 1.5 കോടി രൂപയുടെ സമ്പാദ്യമാണ് കണ്ടെടുത്തത്.

ചൊവ്വാഴ്ച രാവിലെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സുരേഷ് കുമാര്‍ വിജിലന്‍സിന്റെ പിടിയിലായത്.  മണാര്‍ക്കാട് വെച്ച് സുരേഷിന്റെ കാറില്‍ വെച്ചാണ് കൈക്കൂലി നല്‍കിയത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായത്.

പാലക്കയം വില്ലേജ് പരിധിയില്‍ 45 ഏക്കര്‍ സ്ഥലമുള്ള മഞ്ചേരി സ്വദേശി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈവശമാണെന്നറിഞ്ഞു. സുരേഷ് കുമാറിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളജില്‍ എത്താനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം പാലക്കാട് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാര്‍ മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിലായിരുന്നു താമസം.