LogoLoginKerala

സ്വപ്‌ന പറഞ്ഞത് പച്ചക്കള്ളം, നിയമ നടപടിയെടുക്കും

വിജേഷ് പിള്ള കൊച്ചിയില്‍ തന്നെ, ഇ ഡി ചോദ്യം ചെയ്തു
 
vijesh pillai
"സിപിഎമ്മിന്റെ ഒരു ലോക്കല്‍ സെക്രട്ടറിയെ പോലും എനിക്കറിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സ്വപ്‌ന പറയുന്നതെല്ലാം സത്യമാണെന്നാണ് ഇക്കാലമത്രയും വിശ്വസിച്ചിരുന്നത്. അവര്‍ എല്ലാം മാനിപ്പുലേറ്റ് ചെയ്യുകയാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. സംഭാഷണത്തിന്റെ റെക്കോര്‍ഡുകള്‍ ഉണ്ടെങ്കില്‍ അത് മുഴുവനായി പുറത്തുവിടാന്‍ സ്വപ്‌നയെ വെല്ലുവിളിക്കുന്നു."

 

കൊച്ചി-കേസില്‍ നിന്ന് പിന്‍മാറാന്‍ ഉന്നത സി പി എം  നേതാക്കളുടെ ഇടനിലക്കാരനായെത്തി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍.
തന്റെ ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ സ്വപ്‌നയുടെ ജീവിതം വെബ് സീരീസായി ചെയ്യുന്നതിനെക്കുറിച്ചാണ് സ്വപ്‌നയുമായി ചര്‍ച്ച നടത്തിയതെന്നും ഇവര്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ പച്ചക്കള്ളങ്ങളാണെന്നും വിജേഷ് പിള്ള ഇഡിയോട് വ്യക്തമാക്കി. എം വി ഗോവിന്ദനെയെന്നല്ല സിപിഎമ്മിന്റെ ഒരു ലോക്കല്‍ സെക്രട്ടറിയെ പോലും തനിക്കറിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ഹിന്ദു വിശ്വാസിയായതിനാല്‍ ബിജെപിയോട് താല്‍പര്യമുണ്ട്. സ്വപ്‌ന പറയുന്നതെല്ലാം സത്യമാണെന്നാണ് ഇക്കാലമത്രയും താന്‍ വിശ്വസിച്ചിരുന്നത്. അവര്‍ എല്ലാം മാനിപ്പുലേറ്റ് ചെയ്യുകയാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. സ്വപ്‌നക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയതായും വിജേഷ് പിള്ള പറഞ്ഞു.
ബിസിനസ് ആവശ്യത്തിന് വിശാഖപട്ടണത്തേക്ക് പോകുന്ന വഴിയാണ് ഒരു ദിവസം ബാംഗ്ലൂരില്‍ താമസിച്ച് സ്വപ്‌ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയത്. താമസിച്ച ഹോട്ടലിന്റെ ലോബിയിലിരുന്നാണ് അവരുമായി സംസാരിച്ചത്.   സ്വപ്‌നയുടെ മക്കളും സരിത്തും ഒപ്പമുണ്ടായിരുന്നു. ഒടിടിയില്‍ വെബ് സീരീസ് ചെയ്യുന്നതില്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചതിനാല്‍ അതിന്റെ ബിസിനസ് കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. സ്ട്രീമിങ്ങിലൂടെ കിട്ടുന്ന ലാഭത്തിന്റെ 30 ശതമാനം സ്വപ്‌നക്ക് നല്‍കാമെന്നാണ് താന്‍ നല്‍കിയ ഓഫര്‍. ഇതിനെക്കുറിച്ചായിരുന്നു സംസാരം. ഇതെല്ലാം സ്വപ്‌ന ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നോ റെക്കോഡ് ചെയ്യുന്നുണ്ടെന്നോ അറിഞ്ഞില്ല. തനിക്ക് ദുരുദ്ദേശ്യങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിട്ടില്ല.
നേരിട്ട് സംസാരിക്കുമ്പോഴും ഫോണില്‍ സംസാരിച്ചപ്പോഴും ഫണ്ടിന്റെ കാര്യം ഇവര്‍ ആവര്‍ത്തിച്ചു ചോദിച്ചിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ്ങ് നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനം എന്ന് താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫണ്ടിനെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചത് സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിടുന്നതിനായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. താനുമായുള്ള സംഭാഷണത്തിന്റെ റെക്കോര്‍ഡുകള്‍ ഉണ്ടെങ്കില്‍ അത് മുഴുവനായി പുറത്തുവിടാന്‍ സ്വപ്‌നയെ വെല്ലുവിളിക്കുന്നു. സ്വപ്‌നയുടെ ഫോണ്‍ സംഭാഷണങ്ങളും കൂടിക്കാഴ്ച നടന്ന ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും പിടിച്ചെടുത്ത് പരിശോധിച്ചാല്‍ സ്വപ്‌ന പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണെന്ന് വ്യക്തമാകും. ഇക്കാര്യത്തില്‍ ഏത് അന്വേഷണ ഏജന്‍സിയോടും സഹകരിക്കാന്‍ തയ്യാറാണെന്നും വിജേഷ് പിള്ള വ്യക്തമാക്കി.