വിജേഷ് പിള്ളയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത, വിശദമായി ചോദ്യം ചെയ്യുമെന്ന് ഇ ഡി

കൊച്ചി- സ്വപ്‌ന സുരേഷുമായി 30 കോടിയുടെ ഇടപാട് സംബന്ധിച്ച് ചര്‍ച്ച നടത്തിയ വിജേഷ് പിള്ളയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് ഇ ഡിയുടെ പ്രാഥമിക വിലയിരുത്തല്‍. ബിസിനസ് ബന്ധമുണ്ടായിരുന്ന പലരും ഇയാളുടെ സാമ്പത്തിക ഇടപാടുകളിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. ഇയാളുടെ സംഭാഷണങ്ങളടക്കം സ്വപ്‌ന നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ ഇ ഡി വിശദമായി പരിശോധിച്ചു വരികയാണ്. സ്വപ്‌ന സുരേഷുമായ ഒ ടി ടി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് മാത്രമല്ല ഇയാള്‍ സംസാരിച്ചതെന്നാണ് സൂചന.
വിജേഷ് കൊയിലേത്ത് എന്ന മൊറാഴക്കാരനാണ് പിന്നീട്് വിജേഷ് പിള്ളയാകുന്നത്. കണ്ണൂരില്‍ പിള്ളമാരില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചൂണ്ടിക്കാണിക്കുന്നു. ഇയാള്‍ വിജേഷ് പിള്ള എന്ന പേര് സ്വീകരിച്ചത് ചില ബിസിനസ് ലക്ഷ്യങ്ങളോടെയാണെന്ന് കരുതപ്പെടുന്നു. കൊച്ചിയില്‍ ഡബ്ല്യൂ ജി എന്‍ ഇന്‍ഫോടെക്, ആക്ഷന്‍ ഒ ടി ടി എന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നീ ബിസിനസുകളാണ് നടത്തുന്നതെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ ബിസിനസ് ബന്ധങ്ങള്‍ കേരളത്തിന് പുറത്താണ്. ആന്ധ്രാ പ്രദേശിലേക്ക് അടിക്കടി യാത്ര ചെയ്യുന്ന വിജേഷ്, വിശാഖപട്ടണത്തേക്കുള്ള ഇത്തരമൊരു യാത്രക്കിടയിലാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആന്ധ്രയിലെ ഇയാളുടെ ബിസിനസ് ബന്ധങ്ങള്‍ ഇ ഡി അന്വേഷിക്കുന്നുണ്ട്.
ഡബ്ല്യൂ ജി എന്‍ ഇന്‍ഫോടെക് എന്ന സ്ഥാപനം ഇപ്പോള്‍ നിലവിലില്ലെന്നാണ് സൂചന. സ്വന്തമായി ഒരു വെബ്‌സൈറ്റ് പോലും ഈ ഐ ടി കമ്പനിക്കില്ല. 2017ല്‍ വിജേഷ് കൊയിലോത്ത്, സാനിയോ അരൂജ എന്നിവര്‍ ഡയറക്ടര്‍മാരായി ആരംഭിച്ച കമ്പനിക്ക് ഒരു ലക്ഷം രൂപയുടെ ഷെയര്‍ ക്യാപിറ്റലും ഒരു ലക്ഷം രൂപയുടെ പെയ്ഡപ്പ് ക്യാപറ്റലുകളുമുള്ളതായാണ് രേഖകളിലുള്ളത്. കളമശേരി ചങ്ങമ്പുഴ നഗറിലുള്ള ക്രെസന്‍സ് ടവറാണ് മേല്‍വിലാസം.
2018ന് ശേഷം ഇയാള്‍ കൊച്ചിയില്‍ താമസിക്കുന്നുണ്ടെന്ന വിവരം ഇയാളുമായി ബന്ധമുണ്ടായിരുന്നവരുടെ അറിവിലില്ല. ഇടപ്പള്ളിയില്‍ ഇയാള്‍ സ്ഥാപനത്തിനായി എടുത്ത കെട്ടിടത്തിന് വാടക ഇനത്തില്‍ ലഭിക്കാനുള്ള ഒരുലക്ഷം രൂപയുടെ കുടിശിഖക്കായി കെട്ടിട ഉടമ പല ഫോണ്‍ നമ്പറുകളില്‍ നിന്നും ഇയാളെ വിളിക്കാറുണ്ടെങ്കിലും ഫോണെടുക്കാറില്ല. ഒരിക്കല്‍ ഇയാളെ തേടി ഒരു രാഷ്ട്രീയ നേതാവ് വന്നിരുന്നുവെന്നും വിജേഷിന് മണി ചെയിന്‍ ബിസിനസാണെന്ന് പറഞ്ഞിരുന്നതായും കെട്ടിട ഉടമ ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ നല്‍കിയിരുന്ന മേല്‍വിലാസം മരട് താമരശേരി വള്ളിക്കാട്ട് എന്നാണ്. അവിടെ ഇങ്ങനെയൊരാള്‍ താമസിച്ചിട്ടില്ലെന്നാണ് മേല്‍വിലാസത്തിലുള്ള വീടിന്റെ ഉടമസ്ഥന്‍ പറയുന്നത്. ആഡംബര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഇയാളുടെ വരുമാന സ്രോതസ് കണ്ടെത്താനാണ് ഇ ഡി ശ്രമിക്കുന്നത്.
ഒ ടി ടി പ്ലാറ്റ്‌ഫോം ബിസിനസിനായി കൊച്ചിയിലെ ഒരു സിനിമാ പ്രവര്‍ത്തകനെ ഇയാള്‍ സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടു പോയെങ്കിലും സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത മൂലം സിനിമാ പ്രവര്‍ത്തകന്‍ പിന്‍വാങ്ങി. ആക്ഷന്‍ ഒ ടി ടി എന്ന പ്ലാറ്റ്‌ഫോമില്‍ പഴയ സിനിമകളുടെ സ്ട്രീമിംഗാണ് നടക്കുന്നത്.