LogoLoginKerala

വിദ്യ ഒളിവില്‍ കഴിയുന്നത് കൊച്ചിയില്‍? ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ

 
vidya vijayan

കൊച്ചി- അധ്യാപക ജോലിക്ക് വ്യാജരേഖ ഹാജരാക്കിയ കേസില്‍ അട്ടപ്പാടി പോലീസ് തിരയുന്ന മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ ഒളിവില്‍ കഴിയുന്നത് എറണാകുളത്തെന്ന് സൂചന. ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് സൈബര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസ് പൊന്തിവന്ന ഉടനെ വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിതായാണ് വിവരം. വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ നിരപരാധിയാണെന്നാണ് ജാമ്യാപേക്ഷയില്‍ വാദിക്കുന്നത്. അടുത്ത ദിവസം കേസ് കോടതി പരിഗണിക്കും.

വിദ്യ എറണാകുളത്തുണ്ടെന്ന് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. എസ്.എഫ്.ഐയുടേയും സി.പി.എം. ഉന്നതനേതാക്കളുടേയും സംരക്ഷണമില്ലാതെ കെ. വിദ്യയ്ക്ക് ഇത്രയേറെ ദിവസം ഒളിവില്‍ കഴിയാന്‍ സാധിക്കില്ല. അവര്‍ എറണാകുളത്ത് തന്നെയുണ്ടെന്നാണ് ഞങ്ങള്‍ക്ക് കിട്ടുന്ന വിവരം. പോലീസിന് അവര്‍ക്ക് അടുത്തെത്താന്‍ സാധിക്കുന്നില്ലെന്നതിനര്‍ഥം അവര്‍ എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റേയും കൃത്യമായ സംരക്ഷണവലയത്തിലാണെന്നാണ്. വിദ്യയെ എത്രയും വേഗം അറസ്റ്റ് ചെയ്്ത നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അലോഷ്യസ് പറഞ്ഞു.

ആര്‍ഷോയുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്ത കേരളാ പോലീസിന്റേത് പ്രതികാരനടപടിയാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വിദ്യയെ കണ്ടത്താന്‍ പോലീസിന് സാധിക്കാത്തതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേസെടുത്തത്. വിദ്യയെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത ശുഷ്‌കാന്തി ഈ കേസില്‍ കാണിക്കുന്നത് വ്യാജരേഖ ചമച്ച കേസില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമായി നോക്കിക്കാണുകയാണ്. ശക്തമായ നിയമപോരാട്ടവമുണ്ടാകും. കോടതിയില്‍ നേരിടുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അതേസമയം വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചു. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ ഇതുവരെ കണ്ടെത്താല്‍ പോലീസിന് സാധിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിയിട്ടതിനാല്‍ അയല്‍വാസികളില്‍നിന്ന് താക്കോല്‍ വാങ്ങിയശേഷമായിരുന്നു പോലീസ് പരിശോധന.