നല്ല ബെസ്റ്റ് ആരോഗ്യമന്ത്രിയെന്ന് വി ഡി സതീശന്റെ പരിഹാസം, തന്നെ അധിക്ഷേപിച്ചെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം- ബ്രഹ്മപുരത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും തമ്മില്‍ വാക്‌പോര്. നല്ല ബെസ്റ്റ് ആരോഗ്യമന്ത്രി എന്ന് പറഞ്ഞ് സതീശന്‍ നടത്തിയ പ്രസ്താവനയാണ് വീണാ ജോര്‍ജിനെ ചൊടിപ്പിച്ചത്.
'നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്. ബെസ്റ്റ് ആരോഗ്യമന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് 10ാം ദിവസം മാസ്‌ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രിയാണ്. തീപിടിച്ച് മൂന്നാം ദിവസം മന്ത്രി പറഞ്ഞു ആരോഗ്യപ്രശ്‌നം ഇല്ലെന്ന്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു. എവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്‌നം ഇല്ലെന്നു പറഞ്ഞത്- സതീശന്‍ ചോദിച്ചു.
എന്നാല്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എഴുന്നേറ്റു. പ്രതിപക്ഷ നേതൃസ്ഥാനം ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോള്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ വളരെ മോശമായാണ് സംസാരിച്ചത്. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായി പത്തുദിവസത്തിനു ശേഷം, പത്താംതീയതി കൊച്ചിയിലെത്തി മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ അദ്ദേഹത്തെ ചലഞ്ച് ചെയ്യുകയാണ്. അഞ്ചാം തീയതി കൊച്ചിയിലെത്തി അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ എംഎല്‍എമാരായ ടി ജെ വിനോദും ഉമാ തോമസും അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് അന്നത്തെ യോഗത്തില്‍ ഉണ്ടായിരുന്നില്ല. ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ച പ്രതിരോധമാണ് എന്‍ 95 മാസ്‌ക് ധരിക്കുക എന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു.