LogoLoginKerala

ഇത് കൗരവസഭയാണോ എന്ന് വി ഡി സതീശന്‍

 
vd satheesan
സ്പീക്കര്‍ പരിഹാസപാത്രമായി, മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിനും അനുമതി ലഭിക്കുന്നില്ല.

രണപക്ഷം പ്രതിപക്ഷത്തെ നിരന്തരമായി അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷം ഇല്ലെങ്കിലും സഭ നടത്താമെന്ന വിചാരമാണ് ഭരണപക്ഷത്തിന്. മുഖ്യമന്ത്രിയുടെ അഹങ്കാരം അതിന്റെ അങ്ങേയറ്റം എത്തിയിരിക്കുന്നു. മോദിയുടെ അതേ മാതൃക ആണ് ഇവിടെയും കാണിക്കുന്നത്. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ എം എല്‍ എമാരെ വാച്ച് ആന്‍ഡ് വാര്‍ഡര്‍മാര്‍ ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമിച്ചത്.  സച്ചിന്‍ ദേവും, എച്ച് സലാമും പ്രതിപക്ഷ എംഎല്‍എമാരെ ചവിട്ടി. സലാമിന് എതിരായും സച്ചിന്‍ ദേവിന് എതിരായും നടപടി വേണം. സര്‍ക്കാരിന് ഇഷ്ടം ഉള്ളതെ പറയാന്‍ കഴിയു എന്നതാണ് അവസ്ഥ. സ്പീക്കറേ പ്രതിപക്ഷത്തിന്റെ ശത്രുവാക്കി മാറ്റാന്‍ ഭീഷണിപ്പെടുത്തുകയാണ്. സ്പീക്കര്‍ പരിഹാസപാത്രമായിരിക്കുന്നു. സ്പീക്കറേ പ്രതിപക്ഷത്തിന് എതിരാക്കാനുള്ള കുടുംബ അജണ്ടയാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിനും ഇപ്പോള്‍ അനുമതി ലഭിക്കുന്നില്ല. മന്ത്രി മുഹമ്മദ് റിയാസ് മനപ്പൂര്‍വ്വം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാനാണ് ഇന്ന് സഭയില്‍ സംസാരിച്ചത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയെ രണ്ടുപേര്‍ ബൈക്കിന് വന്ന് ആക്രമിച്ചു. ക്രൂരമായാണ് ആക്രമണം നടന്നത്. ഈ വിഷയം സഭയില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളും കുട്ടികളും അധിക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണ്. സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് ആക്രമിക്കപ്പെടുന്നത്. ഇത് നിയമസഭയില്‍ അല്ലാതെ എവിടെ പോയി പറയും. ഇത് കൗരവസഭയാണോ നിയമസഭയാണോ. ഇതുപോലെ ഒരു വിഷയം അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ സൗകര്യമില്ലെങ്കില്‍ എന്തിനാണ് ആ കസേരയിലിരിക്കുന്നത്- വി ഡി സതീശന്‍ ചോദിച്ചു.