LogoLoginKerala

എഐ പദ്ധതിക്ക് ഊരാളുങ്കല്‍ ബന്ധം, പിന്നില്‍ കണ്ണൂരിലെ പവര്‍ബ്രോക്കര്‍മാര്‍: വി ഡി സതീശന്‍

 
VD Satheesan
കൊച്ചി- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന് പിന്നില്‍ തട്ടിക്കൂട്ട് കമ്പനികളാണെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്കും കരാറില്‍ പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കരാര്‍ നേടിയ കമ്പനികള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കരാര്‍ കിട്ടിയ ഉടന്‍ തന്നെ എസ്.ഐ.ആര്‍.ടി. കമ്പനി ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിക്കുകയായിരുന്നു ചെയ്തത്. അതിന്റെ അര്‍ഥം, ഈ കമ്പനിക്ക് ഈ രംഗത്ത് യാതൊരുവിധ പരിചയവും ഇല്ലെന്നാണ്. കരാര്‍ കിട്ടിയ ശേഷം കണ്‍സോര്‍ഷ്യം രൂപവത്കരിക്കുകയും പിന്നീട് ഉപകരാര്‍ കൊടുക്കുകയും ചെയ്തു. ഇത് തന്നെയാണ് കെ ഫോണിലും ഇവര്‍ ചെയ്തത്. കെ ഫോണിന്റെ പിന്നിലും എ.ഐ. ക്യാമറയുടെ പിന്നിലും ഇവരാണുള്ളത്. ഇവര്‍ക്ക് സി.പി.എമ്മുമായി ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുമായും ബന്ധമുണ്ട്. ഇവരും ഉരാളുങ്കല്‍ സൊസൈറ്റിയും ചേര്‍ന്ന് നേരത്തെ ഒരു കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന കറക്കുകമ്പനികളാണെന്നും പിന്നില്‍ പവര്‍ ബ്രോക്കേഴ്‌സാണെന്നും സതീശന്‍ ആരോപിച്ചു.
എഐ ക്യാമറ പദ്ധതിക്ക് ടെന്‍ഡര്‍ ചെയ്തിരിക്കുന്നു എന്നാണ് കെല്‍ട്രോണ്‍ പറഞ്ഞത്. സാങ്കേതികത്തികവ് ആവശ്യമായ ഇതുപോലൊരു സംവിധാനത്തിന് ടെന്‍ഡര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ക്വാളിഫൈഡ് ആയ കമ്പനികള്‍ക്കേ കൊടുക്കാന്‍ പാടുള്ളൂ. എന്തായിരുന്നു ആ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങളെന്ന് വ്യക്തമാക്കണം. എസ്.ഐ.ആര്‍.ടിയെ കൂടാതെ വേറെ ഏതൊക്കെ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നും ബന്ധപ്പെട്ടവര്‍ പറയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.