LogoLoginKerala

കെ ഫോണ്‍ കേബിള്‍ ചൈനയില്‍ നിന്ന്; അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

 
vd satheesan


കെ ഫോണില്‍ അഴിമതിയും ധൂര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി-മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതിക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 1028 കോടിയുടെ പദ്ധതിക്ക് 500 കോടിയിലധികം ടെന്‍ഡര്‍ എക്സസ് നല്‍കി 1548 കോടിയാക്കി ഉയര്‍ത്തിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ കത്തിടപാടിലൂടെയാണ് ടെന്‍ഡര്‍ എക്സസ് നിയമവിരുദ്ധമായി ഉയര്‍ത്തിയത്.

കരാര്‍ വ്യവസ്ഥ ലംഘിച്ച് കെ ഫോണ്‍ കേബിള്‍ വാങ്ങിയത് ചൈനയില്‍ നിന്നാണെന്ന് സതീശന്‍ ആരോപിച്ചു. കെ ഫോണ്‍ പദ്ധതിയുടെ സുപ്രധാന ഘടകമാണ് ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറുകള്‍ അഥവാ ഒ.പി.ജി.ഡബ്ല്യു കേബിളുകള്‍. ഒ.പി.ജി.ഡബ്ല്യു കേബിളുകള്‍ ഇന്ത്യന്‍ നിര്‍മ്മിതമായിരിക്കണമെന്നും കേബിളുകള്‍ ഇന്ത്യയില്‍ തന്നെ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍  മിനിമം 250 കിലോമീറ്ററെങ്കിലും കേബിള്‍ നിര്‍മ്മിച്ച സ്ഥാപനം ആയിരിക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ടെന്‍ഡറിലുണ്ട്. ഈ മൂന്ന് നിബന്ധനകളും കരാര്‍ ലഭിച്ച എല്‍.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കാറ്റില്‍പ്പറത്തി.

ഈ കമ്പനിയുടെ ഹരിയാനയിലെ ഫാക്ടറിയില്‍ കേബിളുകള്‍ നിര്‍മ്മിക്കാനുള്ള  ഒരു സൗകര്യമില്ല. ഇവര്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതിനു ശേഷം  എല്‍.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന  പേര് പതിപ്പിക്കുക  മാത്രമാണ് ചെയ്യുന്നത്. ഇക്കാര്യം കെ ഫോണിനും കെ.എസ്.ഇ.ബിക്കും അറിയാം. ഏറ്റവും കുറഞ്ഞത് 25 വര്‍ഷം ഗ്യാരന്റിയുള്ള  ഇന്ത്യന്‍ കേബിളുകള്‍ക്ക്  പകരം യാതൊരു ഗ്യാരന്റിയും ഇല്ലാത്ത ചൈനീസ് കേബിളാണ് കെ-ഫോണിന് വേണ്ടി ലഭ്യമാക്കിയിരിക്കുന്നത്.

പി.ഒ.പികളുടെ ( പോയിന്റ് ഓഫ് പ്രസന്‍സ്) കാര്യത്തിലും സമാനമായ ക്രമക്കേടാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള പ്രസാഡിയോ കമ്പനിക്കാണ് പി.ഒ.പി കരാര്‍ ലഭിച്ചത്. പ്രസാഡിയോ കെ ഫോണ്‍ പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച പ്രീ ഫാബ്രിക്കേഷന്‍ സ്ട്രച്ചറായ പി.ഒ.പിയും കരാറിന് വിരുദ്ധമായി ചൈനയില്‍ നിന്നും ഒമാനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. പി.ഒ.പികള്‍ പലതും കാടുകയറി നശിച്ച അവസ്ഥയിലാണ്. പലയിടങ്ങളും മഴവെള്ളം പി.ഒ.പിയിലേക്ക് വീഴുന്ന സ്ഥിതിയാണ്.

കെ ഫോണില്‍ എത്ര കണക്ഷനുകള്‍ നല്‍കിയെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2017 -ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍  20 ലക്ഷം പാവങ്ങള്‍ക്കും 30000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 18 മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. 20 ലക്ഷം എന്നത് പിന്നീട് പതിനാലായിരമാക്കി. പതിനായിരം പേര്‍ക്ക് കണക്ഷന്‍ നല്‍കിയെന്ന ഇപ്പോഴത്തെ അവകാശവാദവും തെറ്റാണ്. കണക്ഷന്‍ നല്‍കിയതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

കെ ഫോണ്‍ കരാര്‍ നേടിയ കണ്‍സോര്‍ഷ്യത്തിലെ പങ്കാളിയായ എസ്.ആര്‍.ഐ.ടിക്കാണ് കെ ഫോണ്‍ എം.എസ്.പി കരാറും നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവില്‍ ഇന്റര്‍നെറ്റ് നല്‍കുന്ന കെ സ്വാന്‍ പദ്ധതിയുടെ കരാറും എസ്.ആര്‍.ഐ.ടിക്കാണ്. കെ ഫോണ്‍വഴിയുള്ള ഇന്റര്‍നെറ്റ് ലഭ്യമാകുന്നതോടെ കെ സ്വാന്‍ നിലയ്ക്കും. അതുകൊണ്ട് തന്നെ കെ ഫോണ്‍ പദ്ധതി നീണ്ടുപോയാല്‍ മാത്രമേ അവര്‍ക്ക് കെ സ്വാന്‍ പദ്ധതിയുടെ ഭാഗമായി പണം ലഭിക്കുകയുള്ളു. കെ ഫോണ്‍ പദ്ധതി ഇത്രയും നീട്ടികൊണ്ട് പോകാനുള്ള കാരണം ഇതാണോയെന്ന് അന്വേഷിക്കണം? സംസ്ഥാനത്തെ എല്ലാ പദ്ധതികളുടെയും കരാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികള്‍ക്ക് മാത്രമെ ലഭിക്കൂവെന്നതിന് ഉദാഹരണം കൂടിയാണിത്.


ഇന്ന് നടക്കുന്ന കെ ഫോണ്‍ ഉദ്ഘാടനം രണ്ടാമത്തേതാണ്. ഏഴ് ജില്ലകളിലായി ആയിരത്തിലധികം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കണക്ഷന്‍ നല്‍കിയെന്ന് പ്രഖ്യാപിച്ച്  2021 ലായിരുന്നു ആദ്യ ഉദ്ഘാടനം. നിയമസഭ ലോഞ്ചില്‍ ഇന്ന് നടക്കുന്ന രണ്ടാം ഉദ്ഘാടനത്തിന്  4.35 കോടി രൂപയാണ് ചെലവഴിക്കുന്നത്. പണമില്ലാത്തതിനാല്‍ പെന്‍ഷനും സാമൂഹിക സുരക്ഷാ പദ്ധതികളും വികസനവും മുടങ്ങിയിരിക്കുന്ന കാലത്താണ് ഉദ്ഘാടന മഹാമഹത്തിന് വേണ്ടി ഇത്രയും പണം ചെലവഴിക്കുന്നത്. 124 കോടി രൂപയാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് ചെലവാക്കിയത്. കെട്ടകാലത്താണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്ത്.


സാധാരണക്കാരന്റെ പോക്കറ്റടിക്കാനാണ് അഴിമതി ക്യാമറകള്‍ ഇന്ന് കണ്ണ് തുറന്നത്. സര്‍ക്കാര്‍ നടത്തിയ അഴിമതിക്കാണ് സാധാരണക്കാരുടെ പോക്കറ്റടിക്കുന്നത്. ഖജനാവില്‍ നിന്ന് ഒരു രൂപയും ചെലവാക്കിയിട്ടില്ലെന്നാണ് പറയുന്നത്. കമ്പനികള്‍ക്ക് നല്‍കേണ്ട 232 കോടി രൂപ സാധാരണക്കാരില്‍ നിന്നാണ് ഈടാക്കുന്നത്. ഗതാഗത നിയമലംഘനത്തിന് ദിവസേന 25000 നോട്ടീസ് അയയ്ക്കുമെന്നാണ് പ്രഖ്യാപനം. അത്രയും നിയമലംഘനങ്ങള്‍ നടന്നില്ലെങ്കിലും 25000 പേര്‍ക്ക് നോട്ടീസ് അയയ്ക്കുമോ? അഴിമതി ക്യാമറയും കെ ഫോണും ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന രണ്ട് പദ്ധതികളാണ്.


മുഖ്യമന്ത്രിയുടെ കുടുംബമാണ് ആരോപണവിധേയരായി നില്‍ക്കുന്നത്. അവര്‍ക്ക് വേണ്ടി മറ്റു മന്ത്രിമാര്‍ കൂടി മുന്നിട്ടിറങ്ങി അഴിമതിയെ സംരക്ഷിക്കണമെന്നാണ് കുടുംബത്തിലെ തന്നെ മറ്റൊരു അംഗമായ മന്ത്രി റിയാസ് ആവശ്യപ്പെടുന്നത്. നിലവില്‍ മറ്റ് മന്ത്രിമാരൊന്നും അഴിമതിയെ ന്യായീകരിക്കാന്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇറങ്ങണമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് മന്ത്രിമാര്‍ക്ക് റിയാസ് നല്‍കിയിരിക്കുന്നത്. ഖജനാവില്‍ നിന്നും ഒരു പൈസയും ചെലവാക്കിയിട്ടില്ലെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ ഇപ്പോള്‍ കാണാനില്ല. എസ്.ആര്‍.ഐ.ടിയും പ്രസാഡിയോയും സംസ്ഥാനത്ത് സൗജന്യമായി 726 ക്യാമറകല്‍ സ്ഥാപിച്ചെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ആ കമ്പനികളുടെ ഉടമകള്‍ക്ക് യു.ഡി.എഫ് സ്വീകരണം നല്‍കും. അഴിമതിക്കെതിരെ സമരവും നിയമനടപടിയുമെന്നതാണ് യു.ഡി.എഫ് നിലപാട്- സതീശന്‍ പറഞ്ഞു.