LogoLoginKerala

പരിചയക്കുറവ് ആര്‍ക്കാണെന്ന് ജനംവിലയിരുത്തും: വി ഡി സതീശന്‍

 
VD SATHEESAN


കോട്ടയം- യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പൊലീസ് കുറ്റകരമായ അനാസ്ഥ കാട്ടിയിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിനനുസരിച്ച് ആരോഗ്യ മന്ത്രി പ്രതികരിക്കണം. ആര്‍ക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തും. കുറ്റകരമായ അനാസ്ഥയാണ് നടന്നത്. ഇക്കാര്യത്തില്‍ അതീവ ദുഖിതരാണ് വന്ദനയുടെ മാതാപിതാക്കളെന്നും സതീശന്‍ പറഞ്ഞു.കൊട്ടാരക്കരയില്‍ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ക്രിമിനലിനെ ഒരു തയ്യാറെടുപ്പും ഇല്ലാതെ പെണ്‍കുട്ടിക്ക് മുന്നില്‍ ഇട്ടു കൊടുക്കുകയായിരുന്നു. ഇയാള്‍ വാദിയാണ് എന്നാണ് എഡിജിപി പറഞ്ഞത്. പൊലീസ് പുതിയ തിരക്കഥ തയ്യാറാക്കുകയാണ്. അവരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാവുകയായിരുന്നു. മന്ത്രിയുടെ പരാമര്‍ശം മുറിയുടെ ആഴം കൂട്ടുന്നതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തില്‍ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് ആര്‍ക്കാണെന്ന് ജനം വിലയിരുത്തും. ഒരു വലിയ മുറിവാണ് ഉണ്ടായിരിക്കുന്നത്. മക്കളെ സ്‌നേഹിക്കുന്ന എല്ലാവരുടേയും മനസ്സിലുള്ള മുറിവാണത്. ആര്‍ക്കും താങ്ങാന്‍ കഴിയാത്ത മുറിവ്. ആ മുറിവ് കൂടുതല്‍ വലുതാക്കുന്ന രീതിയിലുള്ള പ്രതികരണമാണ് മന്ത്രിയുടേത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്കും ഹൗസ് സര്‍ജന്‍മാര്‍ക്കും എന്ത് പരിചയം വേണമെന്നാണ് മന്ത്രി പറയുന്നത്. എന്ത് പരിചയം വേണമെന്നാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. അത് കൊണ്ടാണ് ഞാന്‍ പറയുന്നത് പരിചയക്കുറവ് ആര്‍ക്കാണെന്ന് കേരളം വിലയിരുത്തുമെന്ന്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗൗരവം വേണം. കേരളത്തിലെ ആശുപത്രികളില്‍ ഭീതിയോടെയാണ് ആരോഗ്യവകുപ്പിലെ ജോലിക്കാര്‍ ജോലി ചെയ്യുന്നത്. ആരോഗ്യമന്ത്രി പരിചയക്കുറവ് എന്ന് പറയുന്ന തരത്തിലേക്ക് തരംതാഴതായിരുന്നു. വീണ ജോര്‍ജ് അവരുടെ സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണം. സംഭവത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ന്യായീകരിക്കുന്നത് വിചിത്രമായാണെന്നും സതീശന്‍ പറഞ്ഞു.

വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായിട്ടും അതില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങളാണ് അവരിപ്പോള്‍ കണ്ടുപിടിക്കുന്നത്. എ.ഡി.ജി.പി പറഞ്ഞതും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നതും വ്യത്യസ്തമാണ്. കൊലയാളിയെ വാദിയെ പോലെയാണ് പൊലീസ് അവതരിപ്പിക്കുന്നത്. മയക്ക് മരുന്നിന് അടിമയായ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം അയാളുടെ കൈ പോലും കെട്ടാതെ ഒരു ഹോം ഗാര്‍ഡിനൊപ്പമാണ് ഡോക്റ്ററുടെ മുന്നിലെത്തിച്ചത്. അതിക്രമം കാട്ടിയപ്പോള്‍ ഈ കുട്ടി മാത്രം ഒറ്റപ്പെടുകയും പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഓടി മുറിയില്‍ കയറുകയും ചെയ്തുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

മയക്ക് മരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം വ്യാപകമായി വര്‍ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ആശുപത്രിയിലെ കാഷ്വാലിറ്റികളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും ഡോക്റ്റര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ ആവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കേരളത്തിലെ ആശുപത്രികളിലൊന്നും ഒരു കഴപ്പവുമില്ലെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി. പിന്നീട് ഡോക്റ്റര്‍മാരുടെ സംഘടനകള്‍ പരാതിപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ ആ മറുപടി തിരുത്തിയത്. രാത്രിയില്‍ മിക്ക ആശുപത്രികളിലെയും കാഷ്വാലിറ്റികളില്‍ ഭീതിയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. നിയമസഭയില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.