LogoLoginKerala

ബി ജെ പി നേതാക്കള്‍ ബിഷപ്പ് ഹൗസുകള്‍ സന്ദര്‍ശിക്കുന്നത് ഇരട്ടത്താപ്പ്: വിഡി സതീശന്‍

ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കില്ലെന്ന് ഇവര്‍ ഉറപ്പു നല്‍കുമോ
 
vd satheesan

കണ്ണൂര്‍ - കേരളത്തിലെ ബി.ജെ.പി നേതാക്കാള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കില്ലെന്ന് വി മുരളീധരനോ സുരേന്ദ്രനോ ഉറപ്പ് കൊടുക്കാന്‍ പറ്റുമോയെന്നും സതീശന്‍ ചോദിച്ചു.
ക്രൈസ്തവ ദേവാലയങ്ങള്‍ രാജ്യത്ത് സംഘപരിവാറിനാല്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. വിഡി സതീശന്‍ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ബിജെപി മന്ത്രി ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്നാണ് മുമ്പ് പറഞ്ഞത്. സംഘപരിവാര്‍ അക്രമത്തിനെതിരെ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ട് ലക്ഷ്യമിട്ട്  ബിജെപി  നടത്തുന്ന തന്ത്രങ്ങളില്‍ ക്രൈസ്തവര്‍ വീഴില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 90 ശതമാനം ഹിന്ദുക്കളും ബിജെപിക്കെതിരാണ്. ബിജെപി ഭരണത്തില്‍  ആശങ്കയുണ്ടോയെന്നറിയണമെങ്കില്‍ സുപ്രീം കോടതിയില്‍ പോയി ക്രൈസ്തവ സംഘടനകള്‍ നല്‍കിയ കേസിന്റെ കണ്ടെന്റ് നോക്കിയാല്‍ മതിയാകും. ക്രൈസ്തവര്‍ ബിജെപി അനുകൂല പ്രസ്താവന സഭകള്‍ നടത്തുമെന്നു കരുതുന്നില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടി പ്രതിനിധി ബിഷപ് ഹൗസ് എത്തിയാല്‍ സ്വീകരിക്കുന്നതില്‍ തെറ്റുണ്ടോ. അത് ഓരോരുത്തരുടെ രീതിയാണ്. പക്ഷെ ബിജെപി ചെയ്ത കാര്യങ്ങള്‍ മറച്ചു വെച്ച് പ്രചാരണങ്ങള്‍ ചെയ്യാതിരുന്നാല്‍ മതി.
ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്ന് സതീശന്‍ പറഞ്ഞു. നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന തടസപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്.  ലോകാരാധ്യയായ മദര്‍ തെരേസക്ക് നല്‍കിയ ഭാരതരത്നം പോലും പിന്‍വലിക്കണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇതുവരെ ആര്‍.എസ്.എസ് നേതാക്കള്‍ ഈ നിലപാടില്‍ നിന്ന് പിന്നോക്കം പോയിട്ടുമില്ല.  ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.