LogoLoginKerala

വയനാട്ടില്‍ 30 ദിവസത്തിന് ശേഷം ഉപതിരഞ്ഞെടുപ്പ്

 
rahul gandhi

ന്യൂഡല്‍ഹി- കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും 30 ദിവസത്തിന് ശേഷം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന നല്‍കി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍. ഫെബ്രുവരി 2023 വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും അതിനാലാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്ലാത്തതെന്നും കമ്മിഷന്‍ അറിയിച്ചു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് നടക്കേണ്ടതുണ്ട്. എന്നാല്‍ വിചാരണക്കോടതി അനുവദിച്ച 30 ദിവസത്തിനു ശേഷം വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതോടെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും തിരക്കിട്ട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന ആകാംക്ഷ ഉയര്‍ന്നിരുന്നു. മോദി പരാമര്‍ശത്തില്‍ അപകീര്‍ത്തിക്കേസില്‍ രണ്ടു വര്‍ഷം ശിക്ഷിക്കപ്പെട്ട രാഹുലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സാധ്യത തെളിഞ്ഞത്. ഉപതിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിന്റെ പകര്‍പ്പ് അയച്ചിരുന്നു.
എന്നാല്‍ സൂറത്ത് കോടതി വിധിക്കെതിരതായ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ അനകൂല തീരുമാനമുണ്ടാകാനുള്ള സാധ്യ കൂടി കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പിനായി ഒരു മാസം കൂടി കാത്തിരിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്.