7 മണിക്കൂര്‍ 10 മനിറ്റില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ ഓടിയെത്തി വന്ദേഭാരത് എക്‌സ്പ്രസ്

കോഴിക്കോട്- വന്ദേഭാരത് എക്‌സ്പ്രസ് ആദ്യ ട്രയല്‍ റണ്ണില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തിയത് 7 മണിക്കൂര്‍ 10 മിനിട്ടുകൊണ്ട്. കൂടുതല്‍ ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സമയദൈര്‍ഘ്യം ഇനിയും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നോ രണ്ടോ പരീക്ഷണ ഓട്ടങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. അപ്പോഴേക്കും ട്രെയിനിന്റെ സ്‌റ്റോപ്പുകളും സമയക്രമവും സംബന്ധിച്ച് തീരുമാനമുണ്ടാകും.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിന്‍ 12.20ന് കണ്ണൂരിലെത്തി. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്‌റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ ആറിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് ട്രയല്‍ റണ്ണില്‍ തിരുവനന്തപുരം - കൊല്ലം യാത്രയ്ക്ക് എടുത്തത്. 7.25ന് കോട്ടയം റെയില്‍വെ സ്റ്റേഷനിലെത്തി. രണ്ടേകാല്‍ മണിക്കൂറാണ് തിരുവനന്തപുരം - കോട്ടയം യാത്രയ്‌ക്കെടുത്തത്. കോട്ടയത്തുനിന്ന് 7.30 ന് യാത്രതിരിച്ച ട്രെയിന്‍ 8.30ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെത്തി. ഒരു മണിക്കൂറാണ് കോട്ടയം - എറണാകുളം യാത്രയ്‌ക്കെടുത്തത്. 9.37 ന് ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷനിലെത്തി. . 4 മണിക്കൂര്‍20 മിനിട്ടാണ് തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്താന്‍ എടുത്തത്. ഒരുമിനിറ്റ് മാത്രം തൃശ്ശൂരില്‍ നിര്‍ത്തിയ ട്രെയിന്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ 10.46ന് എത്തി. 10.49ന് അവിടെനിന്ന് യാത്ര തുടര്‍ന്നു. 11.17 ന് ട്രെയിന്‍ കോഴിക്കോടെത്തി. ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിന്‍ തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് എടുത്തത്. കോഴിക്കോട് നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തി
വന്ദേഭാരതിന്റെ ട്രയല്‍ റണ്ണിനായി ഏതാനും ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകള്‍ക്കിടയില്‍ പിടിച്ചിടേണ്ടിവന്നു. ട്രയല്‍ റണ്ണായതിനാല്‍ സ്റ്റേഷനുകളില്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് നിര്‍ത്തിയിട്ടത്. യാത്രാ സര്‍വീസ് നടത്തുമ്പോള്‍ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന സമയം കൂടി കണക്കിലെടുക്കേണ്ടി വരും.