വന്ദേഭാരതിന്റെ യാത്രാനിരക്ക്, സമയക്രമം, വേഗം, സുരക്ഷ; പ്രതീക്ഷകള്‍ക്കൊപ്പം ചില ആശങ്കകളും

തിരുവനന്തപുരം- കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ മറ്റ് ട്രെയിനുകളുടെ ഷെഡ്യൂളില്‍ വരാന്‍ പോകുന്ന മാറ്റങ്ങളും യാത്രാ നിരക്കുകളും സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. 160 കിലോമീറ്റര്‍ വേഗതയുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഓടുമ്പോള്‍ ട്രാക്കുകളില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വേണ്ടിവരുമോ എന്ന കാര്യത്തിലും പരിശോധനകള്‍ക്ക് ശേഷമേ വ്യക്തതയുണ്ടാകു. വന്ദേഭാരത് ട്രെയിനുകളുടെ യാത്രാ നിരക്ക് എത്രയായിരിക്കുമെന്ന കാര്യത്തിലും പ്രഖ്യാപനത്തിന് യാത്രക്കാര്‍ കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തു നിന്ന് കൊച്ചി കണ്ണൂര്‍ വിമാന സര്‍വീസ് നിരക്കുകളേക്കാള്‍ കൂടിയ നിരക്ക് വന്ദേഭാരതിന് നല്‍കേണ്ടി വരുമോ എന്ന കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വന്ദേഭാരതിന്റെ ചില റൂട്ടുകളില്‍ വിമാന നിരക്കിനേക്കാള്‍ കൂടുതലാണ് ഈ ട്രെയിനുകളിലെ യാത്രാനിരക്ക്.
തിരുവനന്തപുരത്തുനിന്നു രാവിലെ അഞ്ചിന് മുന്‍പു പുറപ്പെട്ടില്ലെങ്കില്‍ മറ്റു ട്രെയിനുകള്‍ വന്ദേഭാരതിനു വേണ്ടി വഴിയില്‍ പിടിച്ചിടേണ്ടി വരുമെന്നതിനാല്‍ അതിരാവിലെ പുറപ്പെട്ടു രാത്രിയോടെ തലസ്ഥാനത്തു മടങ്ങിയെത്തുന്ന തരത്തില്‍ വന്ദേഭാരത് ഓടിക്കേണ്ടി വരുമെന്നാണറിയുന്നത്. പല ട്രെയിനുകളുടെയും സമയക്രമത്തില്‍ ഉടനടി മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. 25നാണ് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് ഫഌഗ് ഓഫ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. അതിനും വളരെ മുമ്പ് തന്നെ മറ്റ് ട്രെയിനുകളും സമയക്രമം മാറ്റേണ്ടതായി വരും. ഏഴ് - ഏഴര മണിക്കൂര്‍ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകള്‍ വന്ദേഭാരതിന് വേണ്ടി ദക്ഷിണ റെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിനു കൈമാറിയിട്ടുണ്ട്.
വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനായി നിലവിലെ റെയില്‍വേ ട്രാക്കുകള്‍ നവീകരിക്കാനും, പുതിയ സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കാനും നടപടികളായിട്ടില്ല. ഇതു സംബന്ധിച്ച് റെയില്‍വേ ബോര്‍ഡോ, ദക്ഷിണ റെയില്‍വേയോ ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നാണു തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ട്രാക്കുകള്‍, സിഗ്‌നലുകള്‍, വൈദ്യുതി വിതരണം എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുമെന്നാണു വിലയിരുത്തല്‍. അതായത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
60 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിനാണ് വന്ദേഭാരതെങ്കിലും, ഇപ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷ. വേഗം കൂട്ടുന്നതിന് ട്രാക്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ലിഗാര്‍ സര്‍വേ ഉടന്‍ നടത്തുമെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് നിശ്ചയിച്ചിരിക്കുന്നത്. 52 സെക്കന്‍ഡുകള്‍ കൊണ്ടു 100 കിമീ വേഗം കൈവരിക്കാന്‍ കഴിയും. മുന്നിലും പിറകിലും ഡ്രൈവര്‍ ക്യാബുള്ളതിനാല്‍ ദിശ മാറ്റാന്‍ സമയനഷ്ടമില്ല. ഇത്രയും വേഗത്തില്‍ ട്രെയിന്‍ പോകുമ്പോള്‍ റെയില്‍പാത ക്രോസ് ചെയ്യുന്ന കാല്‍നടക്കാരുടെ സുരക്ഷിതത്വവും ചോദ്യമായി ഉയരുന്നുണ്ട്. നിലവിലെ ട്രെയിനുകളുടെ വേഗതയനുസരിച്ചാണ് നിലവില്‍ റെയില്‍വെ ട്രാക്കുകളിലൂടെ കാല്‍നടക്കാര്‍ ക്രോസ് ചെയ്യുന്നത്. പലരും ട്രെയിന്‍ ദൂരെ നിന്ന് വരുന്നത് കാണുമ്പോഴും അതിന്റെ വേഗത കണക്കുകൂട്ടി ക്രോസ് ചെയ്യാന്‍ ധൈര്യപ്പെടും. 160 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിക്കാന്‍ കഴിയുന്ന റൂട്ടുകളില്‍ ട്രാക്കുകള്‍ ക്രോസ് ചെയ്യുന്നതിന് പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മറ്റും ചെയ്യുന്നില്ലെങ്കില്‍ ആളപായത്തിന് സാധ്യത ഏറെയാണ്.