വന്ദേഭാരത് ഷൊര്‍ണൂരില്‍ നിന്ന് 110 കിലോ മീറ്റര്‍ വേഗത്തില്‍ കണ്ണൂരിലെത്തി

കണ്ണൂര്‍/തിരുവനന്തപുരം- ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് പ്രതീക്ഷിച്ച വേഗത്തില്‍ യാത്ര ചെയ്യാനായോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടികളാണ് ലഭിക്കുന്നത്. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ 80 കിലോ മീറ്ററിനും 100 കിലോമീറ്ററിനുമിടയില്‍ ഓടാന്‍ കഴിഞ്ഞ വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ 110 കിലോ മീറ്റര്‍ വേഗത്തിലാണ് ആദ്യദിവസം ഓടിയത്. ഷൊര്‍ണൂര്‍ മുതല്‍ മംഗലാപുരം വരെ വന്ദേഭാരതിന് 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുമെന്ന് ലോക്കോ പൈലറ്റായ എം എ കുര്യാക്കോസ് പറഞ്ഞു. പാത ബലപ്പെടുത്തല്‍ കഴിയുന്നതോടെ കൂടുതല്‍ വേഗത്തില്‍ ഓടിക്കാന്‍ സാധിക്കും. മലബാറിലെ യാത്രക്കാര്‍ക്ക് വന്ദേഭാരത് അതിവേഗ യാത്ര ഉറപ്പു നല്‍കുന്നു. എന്നാല്‍ ഷൊര്‍ണൂര്‍ മുതല്‍ തേക്കോട്ട് വേഗതയുടെ കാര്യം വ്യത്യസ്തമാണ്. എറണാകുളം വരെ ഏറ്റവും കുറഞ്ഞ വേഗത്തിലാണ് ട്രെയിന്‍ ഓടിയത്. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ചിലയിടങ്ങളില്‍ 100 കിലോമീറ്ററിലും ചിലയിടങ്ങളില്‍ 90 കിലോമീറ്ററിലുമാണ് ട്രെയിന്‍ ഓടിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൊല്ലം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത് 50 മിനിട്ടു കൊണ്ടാണ്. 50 മിനിട്ടു മുതല്‍ 55 മിനിറ്റ് വരെ സമയത്തിനുള്ളില്‍ തിരുവനന്തപുരത്തു നിന്നും കൊല്ലം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന നിരവധി ട്രെയിനുകളുണ്ട്. കൊച്ചുവേളി കോര്‍ബ എക്‌സ്പ്രസ്, കൊച്ചുവേളി യശ്വന്ത് പൂര്‍ ഗരീബ് രഥ്, കൊച്ചുവേളി ഹൂബ്ലി എക്‌സ്പ്രസ്, കൊച്ചുവേളി യശ്വന്ത് പൂര്‍ ഏസി എക്‌സ്പ്രസ്, എന്നിവ 50 മിനിറ്റില്‍ തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തും. കൊച്ചുവേളി മൈസൂരു എക്‌സ്പ്രസ്, രാജ്യ റാണി എന്നിവ 52 മിനിറ്റ് എടുക്കും. ട്രവാന്‍ഡ്രം നിസാമുദ്ദീന്‍ എക്‌സ്പ്രസ് 53 മിനിറ്റിലാണ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തുക. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, ജന്‍ ശതാബ്!ദി എക്‌സ്പ്രസ്, ചെന്നൈ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ എക്‌സ്പ്രസ്, അരോണൈ എക്‌സ്പ്രസ്, അമൃത്‌സര്‍ എക്‌സ്പ്രസ്, ഗരീബ് രഥ് എക്‌സ്പ്രസ്, ഷാലിമാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നിവ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്താന്‍ എടുക്കുന്നത് 55 മിനിറ്റാണ്. കൂടാതെ തിരുവനന്തപുരത്തു നിന്നും 57 മിനിട്ടുകള്‍ കൊണ്ടും ഒരു മണിക്കൂര്‍ കൊണ്ടുമൊക്കെ കൊല്ലത്തേക്ക് ഓടിയെത്തുന്ന ട്രെയിനുകള്‍ പട്ടികയില്‍ ഇനിയും ഉണ്ട്. ഇവയില്‍ ചില ട്രെയിനുകള്‍ തമ്പാനൂരിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റു ചിലവ കൊച്ചുവേളിയില്‍ നിന്നുമാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.