വന്ദേഭാരത് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു, രാത്രിയോടെ തിരുവനന്തപുരത്തെത്തും, 22ന് ട്രയല്‍റണ്‍

കൊച്ചി -കേരളം കാത്തിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ചെന്നൈ വില്ലിവാക്കം സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 3 മണിക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ഇന്ന് രാത്രി വൈകിയാകും തിരുവനന്തപുരത്ത് എത്തുകയെന്നാണ് സൂചന. വില്ലിവാക്കത്തു നിന്ന് അനുമതി വൈകിയതാണ് പുറപ്പെടാന്‍ കാലതാമസമുണ്ടാക്കിയത്. ഇന്ന് രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 22നായിരിക്കും ട്രയല്‍ റണ്‍.
ചെന്നൈയില്‍നിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആര്‍.എന്‍. സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ നടത്തും.
24-ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്തായിരിക്കും വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യുക. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാകും. കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തില്‍ ഓടാനാവില്ല. കൂടിയും കുറഞ്ഞും ശരാശരി 75 കിലോമീറ്റര്‍ വേഗത്തിലാകും വന്ദേഭാരതിന്റെ സഞ്ചാരം.