കനത്ത മഴയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ചോര്‍ന്നു, കണ്ണൂരില്‍ നിര്‍ത്തിയിട്ട് അറ്റകുറ്റപ്പണി

കണ്ണൂര്‍- വന്ദേഭാരത് എക്‌സ്പ്രസ് കനത്ത മഴയില്‍ ചോര്‍ന്നൊലിച്ചു. എക്‌സിക്യൂട്ടീവ് കോച്ചിലേക്ക് വെള്ളം ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിര്‍ത്തിയിട്ട് അറ്റകുറ്റപ്പണി നടത്തി.
ഇന്നലെ രാത്രി 11 മണിയോടെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെള്ളം നിറക്കാനായി നിര്‍ത്തിയിട്ടപ്പോഴാണ് ബോഗിയില്‍ വെള്ളം കയറുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്ക് വരുമ്പോള്‍ ഷോര്‍ണൂര്‍ ഭാഗത്ത് വെച്ച് കനത്ത മഴ പെയ്തപ്പോള്‍ സി 7 കോച്ചില്‍ ചോര്‍ച്ചയുണ്ടായതായി യാത്രക്കാര്‍ പറഞ്ഞു. തിരിച്ചു വരുമ്പോഴാണ് ചോര്‍ച്ച ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. മുകളില്‍ ഒരുവശത്തായി പാളികള്‍ കൂടിച്ചേരുന്ന ഭാഗത്താണ് ചോര്‍ച്ച കാണുന്നത്.
ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത്, ബുധനാഴ്ച കാസര്‍കോടുനിന്ന് തിരിച്ചു പുറപ്പെടേണ്ടതാണ്. ചൊവ്വാഴ്ച രാത്രി തന്നെ ട്രെയിന്‍ കാസര്‍കോടുനിന്ന് കണ്ണൂരിലേക്ക് എത്തിച്ചിരുന്നു. വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് രാത്രി പതിനൊന്നു മണിയോടെ വന്ദേഭാരത് കണ്ണൂരിലെത്തിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് നിര്‍ത്തിയിട്ടിരുന്നത്.
വലിയ ചോര്‍ച്ചയല്ലെന്നും ചെറിയ ചോര്‍ച്ച ആണെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. ഒരു ബോഗിയ്ക്കുള്ളില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായത്. എക്സിക്യുട്ടീവ് കോച്ചിലേക്കാണ് വെള്ളം കിനിഞ്ഞിറങ്ങിയത്.
ചോര്‍ച്ചയുണ്ടായത് സര്‍വീസിനെ ബാധിക്കില്ലെന്നാണ് വിവരം. കാസര്‍കോടുനിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷമാണ് വന്ദേഭാരത് പുറപ്പെടുക. അതിന് മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ട്രെയിന്‍ കാസര്‍കോട്ടേക്ക് എത്തിക്കും. ചോര്‍ച്ച എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടക്കും.
നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് പ്രാഥമിക സൂചന. എക്‌സിക്യൂട്ടീവ് ബോഗിയിലെ ഡോറുകളുടെ പാനലുകള്‍ പോലും വേണ്ടത്ര കൂടിച്ചേരാത്ത നിലയിലാണ് കാണപ്പെട്ടതെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി റഷീദ് പറഞ്ഞു.