വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി, നിരക്കുകള്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം-വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്. വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു. തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാറിന് 1590 രൂപയും എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയുമാണ് നിരക്ക്.
ഏപ്രില്‍ 28 മുതലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ ടിക്കറ്റ് ബുക്കിംഗ് ആണ് തുടങ്ങിയത്. ഇന്ന് രാവിലെ 8 മണിക്കാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യാന്‍ 1590 രൂപയാണ് നിരക്ക്. എക്‌സിക്യുട്ടീവ് ക്ലാസിന് 2,880രൂപയുമാകും. തിരുവനന്തപുരം കോഴിക്കോട് ചെയര്‍ കാറിന് 1090 രൂപ എക്‌സിക്യൂട്ടീവ് ക്ലാസിന് 2060 രൂപ, തിരുവനന്തപുരം എറണാകുളം ചെയര്‍ കാറിനു 765 രൂപ, എക്‌സിക്യൂട്ടീവ് കോച്ചിന് 1420 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ നേരിട്ട് റെയില്‍വെ കൗണ്ടറുകള്‍ വഴിയോ, വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ് എന്നിവയിലൂടെയോ ബുക്ക് ചെയ്യാം. എക്‌സിക്യൂട്ടീവ് കോച്ചില്‍ 86 സീറ്റുകളും ചെയര്‍ കാറില്‍ 914 സീറ്റുകളുമാണ് ഉള്ളത്. ഇന്നലെയാണ് വന്ദേഭാരതിന്റെ സമയക്രമം പ്രസിദ്ധീകരിച്ചത്. ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പുണ്ടാകും, തിരൂരിനെ ഒഴിവാക്കി. പുലര്‍ച്ചെ 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ് കൊണ്ട് കാസര്‍കോട് എത്തും. വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിലാണ് സര്‍വീസ്.