വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ട് എത്തിയത് 7 മണിക്കൂര്‍ 50 മിനിറ്റില്‍

കാസര്‍ഗോഡ്- ട്രയല്‍ റണ്ണില്‍ 7 മണിക്കൂര്‍ 50 മിനിറ്റില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കാസര്‍കോട്ട് എത്തി. 5.20നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 1.10നാണ് കാസര്‍കോട്ട് എത്തിയത്. ബിജെപി പ്രവര്‍ത്തകരടക്കമുള്ളവര്‍ ചേര്‍ന്നു വന്‍ വരവേല്‍പാണ് വന്ദേഭാരത് ട്രെയിനു നല്‍കിയത്. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി അടക്കമുള്ള ജനപ്രതിനിധികളും സ്വീകരിച്ചു. 2.25ന് ട്രെയിന്‍ കാസര്‍കോട്ടുനിന്നു തിരുവനന്തപുരത്തേയ്ക്കു തിരിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെ 5.20 ന് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസിന് ആദ്യ ട്രയല്‍ റണ്ണിനേക്കാള്‍ അല്‍പം കൂടി മികച്ച വേഗം കൈവരിക്കാന്‍ കഴിഞ്ഞു. ആറു മണിക്കൂര്‍ 53 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയത്. ആദ്യ ട്രയല്‍ റണ്ണില്‍ ഏഴു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരിലെത്തിയത്. അഞ്ച് മണിക്കൂര്‍ 56 മിനിറ്റു കൊണ്ടാണ് തിരുവനന്തപുരത്തുനിന്നു ട്രെയിന്‍ കോഴിക്കോട്ടെത്തിയത്. ആദ്യ ട്രെയല്‍ റണ്ണിനേക്കാള്‍ 12 മിനിറ്റ് നേരത്തെയാണ് ഇത്. തൃശൂരിലും ട്രെയിന്‍ 10 മിനിറ്റ് നേരത്തെ എത്തി. മൂന്നു മണിക്കൂര്‍ 12 മിനിറ്റു കൊണ്ടാണ് ട്രെയിന്‍ എറണാകുളത്ത് എത്തിയത്. ആദ്യ യാത്രയേക്കാള്‍ ആറു മിനിറ്റ് കുറവാണിത്. ആദ്യ ട്രയല്‍ റണ്ണില്‍ മാവേലി എക്‌സ്പ്രസിന് പോകാന്‍ വന്ദേഭാരതിന് മൂന്നു മിനിറ്റ് കാത്തു കിടക്കേണ്ടി വന്നിരുന്നു. ഇതിന്റെ പേരില്‍ സിംഗ്നലിംഗിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. അതുകണക്കിലെടുക്കുമ്പോള്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും അവിടെ നിന്ന് ഷൊര്‍ണൂര്‍ വരെയും വന്ദേഭാരതിന് 870-90 കിലോ മീറ്റര്‍ വേഗത്തില്‍ മാത്രമാണ് സഞ്ചരിക്കാനായത്.