LogoLoginKerala

ആരാണ് ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത്, ഞങ്ങളൊക്കെ വിദേശത്തേക്ക് പോണോ

കെ കെ ശൈലജക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് വന്ദനയുടെ പിതാവ്

 
kk shylaja
കോട്ടയം- കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയോട് വൈകാരികമായി പ്രതികരിച്ച് വന്ദനയുടെ പിതാവ് മോഹന്‍ദാസ്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ളത് ആര്‍ക്കാണെന്നും  ഞങ്ങളൊക്കെ വിദേശത്തേക്ക് പോണോ എന്നും രോഷവും സങ്കടവും അണപൊട്ടിയപ്പോള്‍ പിതാവ് പറഞ്ഞു.

'നികുതി പിരിച്ച് നാടു ഭരിക്കുന്നവര്‍ കോണ്‍ഗ്രസായാലും കമ്യൂണിസ്റ്റായാലും ബി ജെ പിയായാലും എന്തിനാണ് ഞങ്ങളോട് ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്. ആര്‍ക്കാണ് ടീച്ചറെ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ളത്. അതോ ഞങ്ങളൊക്കെ വിദേശത്തേക്ക് പോകണോ. സുരക്ഷയില്ലെങ്കില്‍ ഇവിടെ ജീവക്കാന്‍ പറ്റുമോ. പക്ഷെ ആരോടും ഒരു പരാതിയും സങ്കടവുമില്ല. ആര്‍ക്കെങ്കിലുമെതിരെ പരാതിപ്പെട്ടതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടിയെ കിട്ടില്ലല്ലോ. ഇവിടെ എല്ലാവരും വന്നു. വരാത്തവര്‍ ആരുമില്ല. മുഖ്യമന്ത്രി വന്നു കണ്ടു. പക്ഷെ അതുകൊണ്ട് എന്ത് കാര്യം.'- മോഹന്‍ദാസ് പറയുന്നു.

ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും തങ്ങള്‍ക്കു സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണസമയത്ത് പൊലീസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നു, അതുപയോഗിക്കേണ്ട, സമീപത്ത് കിടന്നിരുന്ന കസേര എടുത്ത് അക്രമിയെ അടിച്ചിരുന്നെങ്കില്‍ പോലും മകളെ രക്ഷപ്പെടുത്താമായിരുന്നില്ലേ എന്നും വന്ദനയുടെ പിതാവ് ശൈലജയോട് ചോദിച്ചു.

എന്റെ മകള്‍ ഒരു പാവമായിരുന്നു. പഞ്ചാബിലായിരുന്നു മകള്‍ക്ക് ആദ്യം അഡ്മിഷന്‍ ലഭിച്ചത്. അത്ര ദൂരെ വിടാന്‍ കഴിയാത്തതു കൊണ്ടാണ് ഇവിടെ കാശു കൊടുത്ത് അഡ്മിഷന്‍ എടുത്തതെന്നും മകളെ ഡോക്റ്ററാക്കണമെന്നത് തന്റെ അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണം. അതില്ലാത്തതു കൊണ്ടാണ് ആളുകള്‍ കേരളത്തിനു പുറത്തേക്ക് പോകുന്നത്. പോയവരാരും തിരിച്ചു വരുന്നില്ലെന്നും അദ്ദേഹം ശൈലജയോട് പറഞ്ഞു.