പ്രതി മജ്‌സ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കൊച്ചി-ഡോക്ടര്‍ സൗമ്യ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശം തുടര്‍ന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊലയാളി സന്ദീപിനെ ആശുപത്രിയിലെ പ്രാസീജ്യര്‍ റൂമില്‍ കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്നും അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോള്‍ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ആക്രമണം നടന്നത് എങ്ങനെയെന്ന് ഹൈക്കോടതിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.
ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു.അലസമായി വിഷയത്തെ സര്‍ക്കാര്‍ കാണരുത്. പൊലീസിനെയല്ല കുറ്റം പറയുന്നത്.സംവിധാനത്തിന്റെ പരാജയമാണ്.ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.പ്രതിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കില്‍ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു. നമ്മുടെ സംവിധാനാണ് വന്ദനയുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദുഖത്തിലാഴ്ത്തിയതെന്നും കോടതി പരാമര്‍ശിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു രൂക്ഷമായ ചോദ്യങ്ങള്‍. ഓണ്‍ലൈനായി കോടതിയില്‍ ഹാജരായ എ ഡി ജി പി, പ്രതിയുടെ ഫോണ്‍ കോള്‍ മുതല്‍ ഏറ്റവും ഒടുവില്‍ എന്തുസംഭവിച്ചുവെന്ന് അക്കമിട്ട് നിരത്തി പവര്‍പോയിന്റ് പ്രസന്റേഷന്‍ വഴി വിശദീകരിച്ചു. സന്ദീപിന്റെ കാലിലെ മുറിവ് വൃത്തിയാക്കാനായി കാല്‍ താഴ്ത്തിവയ്ക്കാന്‍ നഴ്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു സന്ദീപ് തയാറായില്ല. ബന്ധു രാജേന്ദ്രന്‍ പിള്ള കാല്‍ ബലമായി താഴ്ത്തിയതാണ് സന്ദീപിനെ പ്രകോപിപ്പിച്ചെന്ന് എഡിജിപി കോടതിയെ അറിയിച്ചു. ആശുപത്രിയില്‍ ഏതാണ്ട് നാലുമിനിറ്റുകൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരാഴ്ചക്കുള്ളില്‍ പുതിയ പ്രോട്ടോകോള്‍ ഉണ്ടാക്കുമെന്ന് പൊലീസ് അറിയിച്ചു.ആശുപത്രിയില്‍ ഉള്‍പ്പെടെ പോലിസ് സേവനം ഉറപ്പാക്കുമെന്നും എ ഡിജിപി ഹൈക്കോടതിയില്‍ വ്യക്തമാക്കി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ ജി. സന്ദീപിന്റെ ഫോണ്‍ ശബ്ദരേഖയും പൊലീസ് കോടതിയില്‍ ഹാജരാക്കി. ആദ്യം വിളിച്ചത് പുലര്‍ച്ചെ 1.06ന്, താന്‍ കിണറ്റില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് അതില്‍ സന്ദീപ് പറയുന്നത്. 3.49ന് വിളിച്ച രണ്ടാം കോളില്‍ അയല്‍വാസി തന്നെ കൊല്ലുമെന്നും ഇയാള്‍ പറയുന്നു. കോടതിയില്‍ വാദം തുടരുകയാണ്.